Movie

എം.ടി- എ വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന ‘അസുരവിത്ത്’  പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 55 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

എം.ടി വാസുദേവൻ നായർ– എ വിൻസെന്റ് കൂട്ടുകെട്ടിൽ പിറന്ന ‘അസുരവിത്തി’ന് 55 വയസ്സായി. 1968 മെയ് 17 നായിരുന്നു നസീർ, ശാരദ, പിജെ ആന്റണി എന്നിവർ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്‌. നസീറിന്റെ മികച്ച വേഷങ്ങളിലൊന്ന്. എം.ടിയുടെ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരം നിർമ്മിച്ചത് മനോജ് പിക്‌ചേഴ്‌സ്. സാഹചര്യം കൊണ്ട് മുസൽമാനായി മാറിയ ഗോവിന്ദൻകുട്ടി എന്ന അബ്ദുള്ളയുടെ കഥയാണ് അസുരവിത്ത്.

Signature-ad

സീൻ 1.
നാട്ടുവഴിയിലൂടെ ഹിന്ദുക്കളുടെ ഒരു ഘോഷയാത്ര വരുന്നു. പെട്ടെന്ന് ഒരു ബഹളം. ആരോ ഘോഷയാത്രയെ ആക്രമിക്കുകയാണ്. ചെണ്ടയും മറ്റും തെറിച്ചു വീഴുന്നു. ബഹളം കേട്ട് ഗോവിന്ദൻകുട്ടി പരിഭ്രമത്തോടെ എഴുന്നേറ്റിരിക്കുന്നു.
ഗോവിന്ദൻകുട്ടി (ആരോടെന്നില്ലാതെ): ങ്ഹേ, പിന്നേം തൊടങ്ങിയോ!!

മതാന്ധതയുടെ കാലത്ത്, കിഴക്കുമ്മുറി ഗ്രാമത്തിൽ ജീവിക്കുന്ന താഴ്ത്തേലെ ഗോവിന്ദൻകുട്ടി എന്ന സാധാരണക്കാരൻ. നാട്ടിലെ ഹിന്ദു-മുസ്‌ലിം പ്രമാണിമാർ അവരുടെ മേധാവിത്തം ഉറപ്പിക്കാൻ വേണ്ടി നടത്തുന്ന ബഹളങ്ങളിൽ അയാൾ അസ്വസ്ഥനായിരുന്നു. ഹിന്ദു പ്രമാണിയുടെ വീട്ടിലെ ജോലിക്കാരി മീനാക്ഷി ഗർഭിണിയായി. അവിടത്തെ മകൻ തന്നെ കാരണം. പ്രമാണി മീനാക്ഷിയും ഗോവിന്ദൻകുട്ടിയും തമ്മിലുള്ള വിവാഹം നടത്തിക്കൊടുത്തു. തന്റെ മകനും നാട്ടിലെ പണക്കാരന്റെ മകളും തമ്മിലുള്ള വിവാഹവും നടത്തി.

ആദ്യരാത്രി മീനാക്ഷി ഗോവിന്ദൻകുട്ടിയോട് സത്യം തുറന്നു പറഞ്ഞു. അയാൾ പ്രമാണിയുടെ മകൻ പുതുമണവാളന്റെ അടുത്ത് ചെന്ന് അയാളെ മർദ്ദിച്ചു. പ്രമാണിയച്ഛൻ ഗോവിന്ദൻകുട്ടിയെ കൊല്ലാൻ പിണിയാളുകളെ വിട്ടു. ഗോവിന്ദൻകുട്ടി ഇസ്‌ലാം മതം സ്വീകരിക്കുന്നു.

പ്രശ്‍നം അവിടെ തുടങ്ങുന്നതേയുള്ളൂ. സംഘട്ടനങ്ങൾ കലാപങ്ങളാകുന്നത് കണ്ട് ഗോവിന്ദൻകുട്ടി ഭാരതപ്പുഴയിൽ ചാടി. അയാൾ മരിച്ചെന്നാണ് നാട് കരുതിയത്. അയാൾ അക്കരെയൊരു ഗ്രാമത്തിൽ രാപാർത്തു. ആയിടെയാണ് കോളറയുടെ ഭീകരതാണ്ഡവം. മതം നോക്കാതെ കോളറ ആളുകളെ കൊന്നു കൊണ്ടിരുന്നു. ശവങ്ങൾ മറവ് ചെയ്യാൻ പോലും ആളില്ലാ അവസ്ഥ. ഗോവിന്ദൻകുട്ടി കിഴക്കുമ്മുറിയിൽ വന്ന്  ഭാര്യയുടെ മൃതദേഹം ചുമന്നു. അവളുടെ കുഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെയെടുത്ത് ഗോവിന്ദൻകുട്ടി മനുഷ്യരുടെ പുതിയ ലോകത്തേയ്ക്ക് നടക്കുന്നു.

ഗാനവിഭാഗം പി ഭാസ്‌ക്കരൻ- കെ രാഘവൻ. ഗ്രാമത്തനിമയുള്ള പരമ്പരാഗത നാടോടി ഗാനങ്ങളായിരുന്നു. എംടി-വിൻസെന്റ്-നസീർ ടീമിന്റെ “നഗരമേ നന്ദി’ക്ക് ശേഷം വന്ന ചിത്രമാണ് അസുരവിത്ത്.

Back to top button
error: