പരിചിത പാതകളിലും അപകടങ്ങളും ആപത്തുകളും പതിയിരിപ്പുണ്ടാകും, ജാഗ്രതയോടും കരുതലോടും കടന്നുപോകുക
വെളിച്ചം
ആത്മസുഹൃത്തുക്കളായിരുന്നു അവര്‍. അതുകൊണ്ട് തന്നെ പരസ്പരം ഉളള ഗൃഹസന്ദര്‍ശനവും രാത്രിസംഭാഷണവും അവര്‍ക്ക് ശീലമായിരുന്നു. അന്ന് അയാള്‍ സുഹൃത്തിന്റെ വീട്ടിലേക്ക് പതിവുപോലെ യാത്രയായി. വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ നേരം നന്നെ ഇരുട്ടി. പക്ഷേ, സ്ഥിരം പോകുന്ന വഴിയായതുകൊണ്ട് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ശക്തമായ കാറ്റും മഴയും മൂലം വെളിച്ചം ഉണ്ടായിരുന്നില്ല.
കുറെ നേരം നടന്നിട്ടും വീട് എത്താതിരുന്നത് കൊണ്ട് അയാള്‍ക്ക് സംശയമായി. എങ്കിലും നടപ്പ് തുടര്‍ന്നു. പെട്ടെന്ന് ഒരു മിന്നലുണ്ടായി. ആ വെളിച്ചത്തിലയാള്‍ക്ക് മനസ്സിലായി, താന്‍ അടുത്ത രണ്ടുമൂന്ന് ചുവടുകള്‍ വെക്കുകയാണെങ്കില്‍ വീഴുന്നത് ഒരു കൊക്കയിലേക്ക് ആകുമായിരുന്നു എന്ന്. പരിസരം മനസ്സിലാക്കിയ അയാള്‍ ശരിയായ ദിശയിലൂടെ തന്റെ നടപ്പ് തുടര്‍ന്നു.
അപരിചിത പാതകളില്‍ എല്ലാവരും ശ്രദ്ധാലുവാകും. പക്ഷേ, സ്ഥിരം വഴികളില്‍ കാണിക്കുന്ന ശ്രദ്ധക്കുറവാണ് പല അപകടങ്ങളും വിളിച്ചുവരുത്തുന്നത്. അധികനാള്‍ സഞ്ചരിച്ചതിന്റെ ആത്മവിശ്വാസം താണ്ടാനുള്ള വഴികളെ സുരക്ഷിതമാക്കണമെന്നില്ല. അസാധാരണവും അപ്രതീക്ഷിതവുമായ അനേകം പാതകളും ആളുകളും വഴിയില്‍ കണ്ടെക്കാം. ഒരു വഴിയും എന്നും ഒരുപോലെയല്ല. അന്തരീക്ഷവും ആളുകളും മാറിവരുന്നുണ്ട്.
കരുതലോടെ ഓരോ വഴികളും കടന്നുപോവുകയാണ് പ്രധാനം. കാലത്തിനനുസരിച്ചും കൈകാര്യം ചെയ്യുന്നതിനനുസരിച്ചും എല്ലാറ്റിനും രൂപാന്തരം സംഭവിക്കുമെന്ന് തിരിച്ചറിഞ്ഞ് ജാഗ്രതയോടെ വ്യാപരിക്കുക എന്നതാണ് ഇതിന് പരിഹാരം. നമുക്കും കരുതലോടെ കടന്നുപോകാന്‍ ശീലിക്കാം.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം : നിപു കുമാർ