LocalNEWS

വികസനത്തിന്റെ ചൂളംവിളി മുഴങ്ങാതെ വള്ളത്തോൾ നഗർ റയിൽവെ സ്റ്റേഷൻ

തൃശൂർ:ഷൊർണൂർ ജംഗ്ഷനിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് വള്ളത്തോൾ നഗർ റയിൽവെ സ്റ്റേഷനിലേക്കുള്ളത്.തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ അവസാന സ്റ്റേഷനാണിത്.ഷൊർണൂർ ജങ്‌ഷൻ വഴി കടന്നുപോകാത്ത ദീർഘദൂര ട്രെയിനുകൾക്ക് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ
സ്റ്റോപ്പ് അനുവദിക്കണമെന്നും കൂടാതെ ഷൊർണൂരിന്റെ ഉപഗ്രഹ സ്റ്റേഷനായി വള്ളത്തോൾ നഗറിനെ മാറ്റിയെടുക്കണമെന്നുമുള്ള ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.അതെല്ലാം  അനാവശ്യങ്ങളായി തോന്നിയതുകൊണ്ടാവും വള്ളത്തോൾ നഗറിനെ നോക്കുകുത്തിയാക്കിക്കൊണ്ട് ഇന്നും ട്രെയിനുകൾ തെക്കോട്ടും വടക്കോട്ടും ഇതിലെ നിർത്താതെ പായുന്നത്.
 
 
ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നു മുതൽ മൂന്നു ട്രെയിനുകളാണ് ഷൊർണൂരിൽ പ്രവേശിക്കാതെ തൊട്ടടുത്ത ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ റെയിൽവേ വഴി തിരിച്ചുവിട്ടത്.
തിരുവനന്തപുരം-ലക്നൗ രപ്തി സാഗർ, ആലപ്പി ധൻബാദ്, മധുര -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവയാണ് ആ ട്രെയിനുകൾ.ഈ ട്രെയിനുകൾക്ക് വള്ളത്തോൾ നഗറിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.എന്നാൽ ഇത് കൂടാതെ ഇതിന് മുൻപ് വേറെയും നിരവധി ട്രെയിനുകൾ  ഭാരതപ്പുഴ ലിങ്ക് ലൈനിലൂടെ റെയിൽവേ വഴി തിരിച്ചുവിട്ടിട്ടുണ്ട്.ഷൊർണൂരിന് പകരം തൊട്ടടുത്ത റെയിൽവേ സ്റ്റേഷനായ വള്ളത്തോൾ നഗറിൽ ഈ ട്രെയിനുകൾക്കൊന്നും സ്റ്റോപ്പ് അനുവദിക്കാൻ പക്ഷെ റയിൽവെ തയാറായിട്ടില്ല.അമൃതക്ക് നിലവിൽ ഒറ്റപ്പാലത്ത് സ്റ്റോപ്പുണ്ട്.രപ്തിയും, ധൻബാദും ഒറ്റപ്പാലത്ത് നിർത്തുന്നതും, വള്ളത്തോൾ നഗറിൽ സ്റ്റോപ്പ് അനുവദിക്കുന്നതും ഷൊർണൂരിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് മലബാർ യാത്രക്കാർക്ക് ആശ്വാസമാണ്.
 
 
സമയ പ്രശ്‌നവും, സാങ്കേതിക പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് തെക്ക് നിന്ന് കടന്ന് വരുന്ന എക്‌സ്പ്രസ് ട്രെയിനുകൾ പലതും ഷൊർണൂർ പ്രവേശിക്കാതെ വഴിതിരിച്ചുവിടാൻ കാരണമാകുന്നത്.എൻജിൻ മാറ്റാനുള്ള സമയം, സിഗ്‌നൽ പ്രശ്‌നം, തിരക്കേറിയ ട്രാഫിക് മൂലം ട്രാക്കുകളുടെ ലഭ്യത കുറവ് എന്നിവയാണ് ഇതിന് റെയിൽവേ നിരത്തുന്ന കാരണങ്ങൾ. ഷൊർണൂരിൽ പ്രവേശിക്കാതെ വഴിതിരിച്ചുവിടുക വഴി 2530 മിനിട്ട് സമയം ലാഭിക്കാൻ കഴിയും. ഇത് ദീർഘദൂര യാത്രക്കാർക്ക് ഏറെ ഗുണകരമാണെന്നും അധികൃതർ പറയുന്നു.എന്നാൽ തൊട്ടടുത്ത വള്ളത്തോൾ നഗർ റയിൽവെ സ്റ്റേഷനിൽ ഈ‌ ട്രെയിനുകൾക്ക് ഒരുമിനിട്ടെങ്കിലും സ്റ്റോപ്പ് അനുവദിക്കാൻ റയിൽവെ തയാറാകുന്നുമില്ല.ഇത് ആയിരക്കണക്കിന് വരുന്ന മലബാർ ഭാഗത്തുനിന്നുള്ള യാത്രക്കാരെയാണ് വലയ്ക്കുന്നത്.ഒപ്പം വള്ളത്തോൾ നഗർ റയിൽവെ സ്റ്റേഷന്റെ വികസനവും മുരടിക്കുന്നു.
 
 
തൃശൂർ ജില്ലയുടെ അതിർത്തി പ്രദേശമാണ്‌ വള്ളത്തോൾ നഗർ.നിളയുടെ തീരത്താണ്‌ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌.മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സമാധിയും അദ്ദേഹം സ്ഥാപിച്ച കേരള കലാമണ്ഡലവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.നിളക്കു കുറുകെയുള്ള കൊച്ചി പാലം കടന്നാൽ, പാലക്കാട്‌ ജില്ലയായിഷൊർണൂരാണ്‌ തൊട്ടടുത്ത പട്ടണം.
 

Back to top button
error: