ഇസിചിക്കു എന്ന 26കാരനെയാണ് കോട്ടയം സൈബര്‍ പൊലീസ് ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്. 30 കോടിയുടെ സമ്മാനം ലഭിച്ചുവെച്ച് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി ഇയാള്‍ 81 ലക്ഷം രൂപ വീട്ടമ്മയില്‍ നിന്നും തട്ടിയെന്നാണ് കേസ്.
2021ലാണ് അന്ന മോര്ഗന് എന്ന യുകെ സ്വദേശിനിയുടെ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെ ഇയാള്‍ വീട്ടമ്മയെ ബന്ധപ്പെടുന്നത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
പിന്നീട് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന വ്യാജേന വീട്ടമ്മയെ ബന്ധുപ്പെട്ടു. യുകെയില്‍ നിന്നും ഡോളറുള്‍പ്പെടെ വിലപ്പെട്ട വസ്തുക്കള്‍ വന്നിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 22,000 രൂപ അടക്കണമെന്നും വീട്ടമ്മയോട് പറഞ്ഞു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വിഡിയോകളും അയച്ചു നല്കി. ഇതേ തുടര്‍ന്ന് ഇയാള്‍ നല്കിയ അക്കൗണ്ടിലേക്ക് വീട്ടമ്മ പണം കൈമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോള്‍ വരികയും ഇയാള്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് പലതവണ പണം കെെമാറുകയും ചെയ്തു.
ഒടുവിൽ ചതി മനസ്സിലായ വീട്ടമ്മ 2022ലാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോള്‍.പ്രതി തട്ടിപ്പ് നടത്തിയത് ഡല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തി.തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.