താളവാദ്യക്കാരനായി മധു നിറഞ്ഞാടിയ, എ. വിൻസെന്റ് നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘ചെണ്ട’ പ്രദർശനം ആരംഭിച്ചിട്ട് ഇന്ന് 50 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ഒരു താളവാദ്യക്കാരൻ മുഴുനീള കഥാപാത്രമായി വന്ന ആദ്യ മലയാള സിനിമ ‘ചെണ്ട’ പ്രദർശനമാരംഭിച്ചിട്ട് 50 വർഷം. സന്മാത്രചിത്രയുടെ ബാനറിൽ എ.വിൻസെന്റ് നിർമ്മിച്ച് സംവിധാനം ചെയ്‌ത ചിത്രത്തിൽ മധുവാണ് ചെണ്ടക്കാരൻ. 1973 ഏപ്രിൽ 27 ന് റിലീസ്. വിൻസെന്റിന്റെ സുഹൃത്തായ ബിഇ രാമനാഥന്റെ കഥയ്ക്ക് തോപ്പിൽ ഭാസി തിരക്കഥയെഴുതി. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഭരണിക്കാവ് ശിവകുമാർ എന്നിവരോടൊപ്പം എഴുത്തുകാരി സുമംഗല (ലീല നമ്പൂതിരിപ്പാട്) ഒരു ഗാനമെഴുതി ഈ ചിത്രത്തിൽ. ജി. ദേവരാജനാണ് സംഗീതം. മാധുരിയുടെ ‘താളത്തിൽ താളത്തിൽ താരമ്പൻ കൊട്ടുന്ന’ ( പി ഭാസ്‌ക്കരൻ) എന്ന പ്രശസ്‌ത ഗാനം ഈ ചിത്രത്തിലേതാണ്. ഒടുവിൽ ഉണ്ണികൃഷ്ണന്റെ ആദ്യ ചിത്രം കൂടിയാണ് ചെണ്ട. കലാസംവിധാനം ഭരതൻ.
ദുഷ്ടയായ രണ്ടാനമ്മയുടെ (സുകുമാരി) നിരുത്സാഹപ്പെടുത്തലിനെ മറികടന്ന് തായമ്പക പഠിച്ചയാളാണ് അപ്പു (മധു). കരപ്രമാണിയുടെ മോഹിനിയാട്ടം നർത്തകിയായ മകളുമായി (ശ്രീവിദ്യ) ഇഷ്ടത്തിലായി അപ്പു. ഇവരുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ രണ്ടാനമ്മയ്ക്ക് സഹിക്കുമോ? മോഹിനിയാട്ട വേദിയിൽ അപ്പുവിന് കുടിക്കാനായി വച്ചിരുന്ന കരിക്കിൻ വെള്ളത്തിൽ ചാരായം ചേർത്തു അവർ. അപ്പുവിന്റെ ജീവിതത്തിന്റെ താളം അന്ന് മുതൽ തെറ്റി. കാമുകി മറ്റൊരുവന്റെ ഭാര്യയായി.
തൃശൂരിൽ തായമ്പക വായിക്കാൻ പോയ അപ്പുവിന്റെ പ്രകടനം കേട്ട് അടുത്തൊരു വീട്ടിലെ ഭർതൃമതിയുടെ ചിലങ്ക ഉണർന്നു. ആ മോഹിനിയാട്ടം നർത്തകി ഇന്നൊരു മദ്യപാനിയുടെ ഭാര്യയാണ്. അവർ വന്ന് നൃത്തമാടി. അപ്പുവിന്റെ പ്രകടനത്തിൽ ചെണ്ടയുടെ വലംതല രക്തത്താൽ നനഞ്ഞു. സാഹചര്യത്തേക്കാൾ വലുതായ സംഗീതം. മനുഷ്യനേക്കാൾ വളർന്ന കല. ചെണ്ട നായകനും നൃത്തം നായികയും.
രണ്ടാനമ്മയുടെ മകളെ (നന്ദിത ബോസ്) നൃത്തം പഠിപ്പിക്കാൻ വരുന്നയാളായി ബഹദൂർ ഉണ്ടായിരുന്നു. ഇരുവരും ഒരു പ്രണയഗാനരംഗത്ത് അഭിനയിച്ചു.
28 ചിത്രങ്ങൾ സംവിധാനം ചെയ്‌ത വിൻസെന്റ് നിർമ്മിച്ച ഏക ചിത്രമാണ് ചെണ്ട. ഭാർഗ്ഗവീനിലയം ആണ് സംവിധാനം ചെയ്‌ത ആദ്യചിത്രം (1964). എംടി വാസുദേവൻ നായരുടെ മമ്മൂട്ടി ചിത്രം കൊച്ചുതെമ്മാടിയാണ് അവസാനചിത്രം (1986). ജയാനൻ, അജയൻ എന്നീ ഛായാഗ്രാഹകർ മക്കളാണ്. ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ കലാസംവിധായകൻ സാബു സിറിൾ മരുമകനും.