ഒരു സമതല പ്രദേശത്ത് തീവണ്ടി നിർത്തിയിട്ടിരിക്കുകയാണ്.അവി ടവിടെ ഒറ്റക്കുന്നുകളുള്ള ഡക്കാൺ പീഠഭൂമി. തണുത്ത എ.സി. കോച്ചിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ വെയിലിന് എന്ത് ഭംഗിയാണ്. വെളിച്ചത്തെയും ഇരുട്ടിനെയും ഊർജത്തേയും പ്രപഞ്ചത്തെക്കുറിച്ച് തന്നെയും ചിന്തിക്കാൻ തുടങ്ങുമ്പോൾ അകലെയല്ലാതെ പരന്ന പാടത്ത് ഒരർദ്ധനഗ്നനായ വൃദ്ധൻ നിന്ന് പണിയെടുക്കുന്നു. വെയിൽ മുറ്റി വരുമ്പോൾ ഏത് നിമിഷവും അയാൾ സൂര്യന്റെ കഠിനമായ ഒരടിയേറ്റ് വീണേക്കാം.അപ്പോഴും എ.സി. കോച്ചിലിരുന്ന് ഞാൻ ഈ എഴുത്ത് തുടരും.
സമ്പർക്കക്രാന്തി നോവലിലും ആ വെയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. തീവണ്ടിയിലിരുന്ന് മരുഭൂമിയിലേക്ക് നോക്കുന്ന കരംചന്ദിന്റെ കാഴ്ചയിലാണത്.വായനയെക്കാളുപരി യാത്രകളും റെയിൽവേയും തന്ന അനുഭവങ്ങളാണ് ഇന്ന് കാണുന്ന എന്നെയും എന്റെ എഴുത്തിനെയും രൂപപ്പെടുത്തിയതെന്ന് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ ആദ്യയാത്രയിൽ ടിടിആർ കുപ്പായമിട്ട ഷിനിലാൽ പറയുന്നു.
ചുരുങ്ങിയ ഏഴു വർഷങ്ങൾക്കിടയിൽ നാലു നോവലുകൾ, മൂന്ന് കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രക്കുറിപ്പുകൾ. പ്രഥമ കാരൂർ സ്മാരക പുരസ്കാരവും പത്മരാജൻ പുരസ്കാരവും ഉൾപ്പെടെയുള്ള അവാർഡുകൾ, ഭാഷയും ചിന്തയും ദർശനവും ഒരുപോലെ സമ്മേളിക്കുന്ന എഴുത്ത്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും വ്യക്തതയുള്ള ചരിത്ര-രാഷ്ട്രീയ ബോധ്യങ്ങൾ.മലയാള നോവൽ/കഥാ സാഹിത്യത്തിൽ തൻ്റേതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ എഴുത്തുകാരനാണ് റയിൽവേയിൽ ടിടിആർ കൂടിയായ വി. ഷിനിലാൽ.തിരുവനന്തപുരം സ്വദേശിയാണ്.