FeatureNEWS

ലഹരി വിളയുന്ന അഫ്ഗാൻ പാടങ്ങൾ; പുകഞ്ഞൊടുങ്ങുന്ന കേരളം

ഗോതമ്പും നെല്ലും കരിമ്പും ചോളവും റാഗിയും പരുത്തിയും ബാർലിയും ആപ്രിക്കോട്ടും ബദാമും ഈന്തപ്പഴവുമൊക്കെ വിളയേണ്ട പാടത്ത്  സമാധാനത്തിന്റെ വെള്ളപ്പൂക്കളെപ്പോലെ വിളഞ്ഞു നിൽക്കുന്നത്  കറുപ്പിന്റെ(ഒപ്പിയം) ലഹരി!.ലോകത്തിൽ ഏറ്റവും കൂടുതൽ ഒപ്പിയം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ന് അഫ്ഗാനിസ്താൻ.കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്നു ഇവിടുത്തെ കറുപ്പ് പാടങ്ങൾ.അഴിച്ചുവിട്ട കാലിക്കൂട്ടങ്ങളെപ്പോലെ തോക്കുധാരികൾ ഇവയുടെ സുരക്ഷയ്ക്കായി ചുറ്റും അലഞ്ഞു തിരിയുന്നുണ്ട്.കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള ലഹരി വിളയുന്നത് ഇവിടെയാണ്…

  ലഹരിമരുന്നുകളുടെ  തലസ്ഥാനം എന്നാണ് അഫ്ഗാനിസ്ഥാൻ ഇന്ന് അറിയപ്പെടുന്നത്.താലിബാൻ അടക്കമുള്ള തീവ്രവാദസംഘടനകളുടെ ഇന്നത്തെയെന്നല്ല, എന്നത്തേയും പ്രധാന വരുമാന മാർഗവും ഇതുതന്നെയാണ്.
അഫ്ഗാനിസ്ഥാനിലെ ഈ പാടങ്ങളിൽ വിളയുന്ന ലഹരിമരുന്നുകൾ ലോകമെങ്ങും സുലഭമാണ്. തജിക്കിസ്ഥാനും പാക്കിസ്ഥാനുമാണ് ലോക ലഹരി വിപണികളിലേക്കുള്ള അഫ്ഗാന്റെ എന്നത്തേയും വാതായനങ്ങൾ.ഇന്ത്യ തന്നെയാണ് അവരുടെ ഏറ്റവും വലിയ വിപണി.
 
ഇസ്ലാമിന് നിഷിദ്ധമെന്നാണ് പറച്ചിലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ലഹരി ഉത്പാദക രാജ്യങ്ങൾ  അഫ്ഗാനും പാക്കിസ്ഥാനും ഇറാനുമെന്ന ഇസ്ലാം രാഷ്ട്രങ്ങൾ തന്നെയാണ്.ഇന്ത്യയിലേക്ക് ലഹരിമരുന്നുകൾ കടത്തുന്നതിനു പിന്നിൽ  അന്നുമിന്നും അഫ്ഗാനും. പാക്കിസ്ഥാനുമായുള്ള പങ്ക് ചെറുതല്ല.
2001ൽ യുഎസ് യുദ്ധത്തിനെത്തുന്നതിനു മുൻപ് ലോകത്തെ കറുപ്പ് ഉത്പാദനത്തിന്റെ 72 ശതമാനവും അഫ്ഗാനിലായിരുന്നു നടന്നിരുന്നത്..പ്രതിവർഷം 36 ലക്ഷം കിലോഗ്രാം കറുപ്പായിരുന്നത്രേ ഇവിടെ ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഹെറോയ്ൻ നിർമാണത്തിനും ഇതുപയോഗിക്കുക വഴി ലോകലഹരിമേഖലയുടെ നിർണായകവേദിയായി ഇവിടം മാറി. പ്രവിശ്യകളായ ഹെൽമന്തിലും ബഡാക്‌ഷാനിലുമായിരുന്നു ഈ കൃഷിയുടെ 96 ശതമാനവും. ലാഭകരമായതിനാൽ ഭക്ഷ്യവിളകളായ അരിക്കും ഗോതമ്പിനും പകരം ഹരിരുദ്, അമുദാര്യ നദിക്കരകളിലെ ഫലഫൂയിഷ്ടമായ പാടങ്ങളിൽ കർഷകർ കറുപ്പുചെടികൾ നട്ടുവളർത്തി.ഇങ്ങനെ  ഇതിന്റെ കൃഷി വൻതോതിൽ അഫ്ഗാനിസ്ഥാനിൽ വ്യാപകമായി.
 2020ൽ മാത്രം കറുപ്പ് കൃഷിയിൽ അഫ്ഗാൻ 37 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.രാജ്യത്തെ 34 പ്രവിശ്യകളിൽ 22ലും വൻതോതിൽ കറുപ്പ്കൃഷി ഇന്ന് നടക്കുന്നുണ്ട്.അക്കാലത്ത് അഷറഫ് ഗനിയുടെ സർക്കാരാണ് അധികാരത്തിലെങ്കിലും കൃഷി നടന്ന പലസ്ഥലങ്ങളിലും താലിബാന് ശക്തമായ സ്വാധീനമുള്ളതായിരുന്നു.ഇങ്ങനെ മാത്രം താലിബാൻ സമ്പാദിച്ചത്  2800 കോടിയോളം രൂപ!
  2001ൽ 8000 ഹെക്ടർ കൃഷിയാണുണ്ടായിരുന്നതെങ്കിൽ 2020ൽ ഇതു രണ്ടേകാൽ ലക്ഷം ഹെക്ടറായി വർധിച്ചെന്നും കണക്കുകൾ പറയുന്നു.നിലവിൽ 2.1 ബില്യൺ യുഎസ് ഡോളർ വാർഷിക വരുമാനം ഇതുവഴി താലിബാന് ലഭിക്കുന്നുണ്ട്.കറുപ്പുചെടികളുടെ കറ എടുത്ത് അതിൽ രാസപ്രക്രിയകൾ നടത്തി ഹെറോയിനാക്കി മാറ്റുന്ന ‘ലാബുകൾ’ അഫ്ഗാനിലെ ബഡാക്‌ഷനിൽ ധാരാളമായുണ്ട്. ഇവിടെ നിന്നു ഹെറോയിൻ തജിക്കിസ്ഥാൻ വഴി മധ്യേഷ്യയിലേക്കും യൂറോപ്പിലേക്കും യുഎസിലേക്കും എത്തിക്കുന്നു; .
.
അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും ആധിപത്യം സ്ഥാപിച്ചതോടെ, മയക്കുമരുന്നുകളും രാസലഹരികളും പഴയതിലും കൂടുതലായി ഇന്ത്യയിലേക്ക് കടത്താൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.അഫ്ഗാൻ ലാബുകളിൽ ശുദ്ധീകരിച്ചെടുക്കുന്ന ഹെറോയിനും ഉന്മാദ ലഹരിയായ ‘മെത്ത്ട്രാക്‌സും’ കേരളത്തിൽ ഇന്നും സുലഭമാണ്.രണ്ടുവർഷത്തിനിടെ ഇങ്ങനെ കേരളത്തിൽ മാത്രം 1000 കോടിയുടെ മയക്കുമരുന്ന്  എക്സൈസും നാർക്കോട്ടിക് സെല്ലും ചേർന്ന് പിടികൂടിയിട്ടുണ്ട്.
ലഹരി വസ്തുക്കളുമായി പൊലീസിന്റെയും എക്‌സൈസിന്റെയും നാര്‍ക്കോട്ടിക് സെല്ലിന്റെയും പിടിയിലാകുന്ന യുവതിയുവാക്കളെക്കുറിച്ചുള്ള അനവധി വാര്‍ത്തകളാണ് ഓരോ ദിവസവും കേരളത്തിലെ പത്രങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നത്.ഇത്തരത്തില്‍ പിടിക്കപ്പെടുന്നത് ഒറ്റപ്പെട്ട കേസുകള്‍ മാത്രമാണ്..വിപുലമായ റാക്കറ്റ് തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറു കേസുകള്‍ ലക്ഷ്യസ്ഥാനത്ത് കൃത്യതയോടെ എത്തിക്കുമ്പോള്‍ ഒന്നോ രണ്ടോ മാത്രമാണ് പിടിക്കപ്പെടുന്നത്.കാരണം രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളെപ്പോലും വെല്ലുന്ന സമാന്തര സംവിധാനങ്ങളായാണ് ലഹരി മാഫിയകളുടെ പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ ലഹരിക്കടത്ത് പിടിക്കപ്പെടുക എളുപ്പമല്ല.
 കേരളത്തിലെത്തുന്ന ലഹരികള്‍ വിതരണം ചെയ്യപ്പെടുന്നത് നല്ലൊരു പങ്കും കാമ്പസുകളിലാണ്.അതുപോലെ.

ഡി.ജെ. പാർട്ടികൾ,പബ്ബുകൾ,നിശാ ക്ലബുകൾ,റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പാര്‍ട്ടികള്‍..എന്നിവിടങ്ങളിലേക്കും ലഹരികൾ ഒഴുകുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്..ലഹരി നുണയാന്‍ വേണ്ടി മാത്രം നടത്തുന്ന കൂട്ടം ചേരലുകളാണ് ഇവ എന്നാണ് വിവരം.ലിംഗഭേദമില്ലാതെ അർമാദിക്കാൻ പറ്റിയ സ്ഥലം.ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇത്തരം പാര്‍ട്ടികളിലേക്ക് ഇന്ന് ധാരാളം ആളുകള്‍ എത്തുന്നുണ്ട്.ലഹരി മാത്രമല്ല,ആളുകളെ എത്തിക്കാനും പ്രത്യേക സംഘങ്ങള്‍ തന്നെ ഇവിടെയുണ്ടെന്നാണ് മനസ്സിലാക്കുവാൻ സാധിക്കുന്നത്..

‘ഡാർക്നെറ്റ്’ പോലുള്ള ഓൺലൈൻ വെബ്സൈറ്റുകൾ വഴിയാണ് ഇങ്ങനെ ലഹരിക്കച്ചവടം കൂടുതലും നടക്കുന്നത്. ഈ ഓൺലൈൻ സൈറ്റിൽ റജിസ്റ്റർ ചെയ്യുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായിരിക്കും. എംഡിഎംഎ, എൽഎസ്ഡി തുടങ്ങിയ വീര്യമേറിയ ലഹരിമരുന്നുകളാണ് ഈ രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്നത്.

ബംഗളൂരുവില്‍ നിന്നാണ് ഇത്തരം വീര്യം കൂടിയ ലഹരി വസ്തുക്കള്‍ കേരളത്തിൽ എത്തിക്കുന്നതെന്നാണ് വിവരം.എന്നാല്‍ പിടിക്കപ്പെടുന്നവര്‍ ഇവ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ക്യാരിയറുകള്‍ മാത്രമാണ്. പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വന്‍ റാക്കറ്റുകളിലേക്കോ, ലഹരിക്കടത്തിന്റെ ഉറവിടങ്ങളിലേക്കോ ഒരിക്കലും അന്വേഷണം എത്താറില്ല.മാത്രമല്ല, ലഹരിയുടെ വരവ് തടയുന്നതിന് കൃത്യമായ പദ്ധതികള്‍ പോലും ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ നമുക്ക് കഴിയുന്നില്ല.കാരണം അത്രയ്ക്ക് വിശാലമാണ് അവരുടെ ലോകം!

Back to top button
error: