KeralaNEWS

മലയാറ്റൂര്‍ മലകയറ്റം പരിഹാസ്യമായി’; ശോഭയ്ക്കും രാധാകൃഷ്ണനും ബിജെപി യോഗത്തില്‍ വിമര്‍ശനം

കൊച്ചി:ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശോഭ സുരേന്ദ്രനും എ എന്‍ രാധാകൃഷ്ണനും വിമര്‍ശനം. അച്ചടക്ക ലംഘനം നടത്താന്‍ ആരേയും അനുവദിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കടുത്ത ഭാഷയില്‍ യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ പറഞ്ഞുകൊള്ളുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചിലര്‍ കയര്‍ എടുക്കുന്ന അവസ്ഥയാണ്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് കേരളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി ചുമതലപ്പെടുത്തിയവര്‍ മാത്രം പറഞ്ഞാല്‍ മതി. നോക്കിയും കണ്ടും നിന്നാല്‍ എല്ലാവര്‍ക്കും നല്ലതെന്ന് കെ.സുരേന്ദ്രന്‍ ഭാരവാഹി യോഗത്തില്‍ താക്കീതും നല്‍കി.
എ എന്‍ രാധാകൃഷ്ണന്റെ മലയാറ്റൂര്‍ മലകയറ്റം പരിഹാസ്യമായി. ക്രൈസ്തവരെ ഒപ്പം നിര്‍ത്താന്‍ അവരുടെ ആചാരങ്ങളില്‍ കയറി ഇടപെടുകയല്ല വേണ്ടത്. അവരുടെ വിശ്വാസമാര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.അതേപോലെ പ്രതികരണം നടത്തുന്നവർ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നും കെ.സുരേന്ദ്രൻ ‍ ഓർമ്മിപ്പിച്ചു.
ബിജെപി കോര്‍ കമ്മിറ്റി പുനസംഘടിപ്പിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പല മാധ്യമങ്ങളിലും വന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.എന്നാല്‍ വാര്‍ത്തകളില്‍ വാസ്തവമില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സംഭവം പരാമര്‍ശിച്ചായിരുന്നു ശോഭാ സുരേന്ദ്രമെതിരെ സംസ്ഥാന ഭാരവാഹി യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.

Back to top button
error: