ബെംഗളുരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൻറെ പത്രികാസമർപ്പണം തുടങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കേ ഒരു സ്ഥാനാർഥിയെപ്പോലും പ്രഖ്യാപിക്കാനാകാതെ ബിജെപി. സംസ്ഥാനനേതൃത്വം സമർപ്പിച്ച പട്ടികയിൽ ബിജെപി കേന്ദ്രനേതൃത്വം കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. പ്രായാധിക്യം മൂലം മാറ്റി നിർത്താൻ തീരുമാനിച്ച മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചപ്പോൾ, മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.
80 കഴിഞ്ഞ നേതാക്കളെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനം ബിജെപി കേന്ദ്രനേതൃത്വത്തിൻറേതാണ്. മത്സരരംഗത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ട് തനിക്ക് ദില്ലിയിൽ നിന്ന് വിളി വന്നെന്ന് വെളിപ്പെടുത്തിയത് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ തന്നെയാണ്. ഇതിനെതിരെ പൊട്ടിത്തെറിച്ച ഷെട്ടർ ഏത് സർവേയുടെ അടിസ്ഥാനത്തിലാണ് താൻ തോൽക്കുമെന്ന് കണ്ടെത്തിയതെന്ന് കേന്ദ്രനേതൃത്വത്തോട് ചോദിക്കുന്നു.
അതേസമയം, സമാനമായ രീതിയിൽ മാറി നിൽക്കാൻ നിർദേശിച്ച മുൻ ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് താൻ സ്വമേധയാ വിരമിക്കുന്നുവെന്ന് ജെ പി നദ്ദയ്ക്ക് കത്തെഴുതി. ശിവമൊഗ്ഗ എംഎൽഎയായ ഈശ്വരപ്പയ്ക്ക് ഇത്തവണ അതേ സീറ്റ് കിട്ടില്ലെന്ന് ഏതാണ്ടുറപ്പായിരുന്നു. മകൻ കെ ഇ കാന്തേഷിന് ശിവമൊഗ്ഗ സീറ്റ് നൽകണമെന്ന ഈശ്വരപ്പയുടെ ആവശ്യം കേന്ദ്രനേതൃത്വം തള്ളി. മക്കൾ രാഷ്ട്രീയം തുടരുകയും 80 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീണ്ടും മത്സരിക്കുകയും അഴിമതിക്കേസുകളിൽ പ്രതികളായവർ സ്ഥാനാർഥികളാവുകയും ചെയ്യുന്നതിൽ പ്രധാനമന്ത്രി അടക്കമുള്ളവർ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
സീറ്റ് നൽകാതെ ഒഴിവാക്കി എന്ന പേര് വരുന്നതിന് മുമ്പേ തന്നെ, രാജി വച്ച ഈശ്വരപ്പയെപ്പോലെയാകില്ല മറ്റുള്ളവർ എന്നാണ് സംസ്ഥാനനേതൃത്വം ഭയപ്പെടുന്നത്. സീറ്റില്ലെങ്കിൽ പല എംഎൽഎമാരും കൂറ് മാറി കോൺഗ്രസിലെത്തുകയോ സ്വതന്ത്രരായി മത്സരിക്കുകയോ ചെയ്യുമെന്നും, ഇത് ബിജെപി വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കുമെന്നും സംസ്ഥാനനേതൃത്വം മുന്നറിയിപ്പ് നൽകുന്നു. അതേസമയം, കൂറ് മാറിയെത്തിയ എംഎൽഎമാർക്ക് സീറ്റ് നൽകുന്നതിൽ യോഗത്തിലടക്കം നേതൃത്വത്തോട് പൊട്ടിത്തെറിച്ച മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവഡി ബിജെപി വിട്ട് കോൺഗ്രസിൽ ചേരുമെന്നും അഭ്യൂഹമുണ്ട്. ബിജെപി പട്ടിക വന്നാൽ സീറ്റ് കിട്ടാത്തതിൽ അതൃപ്തർ കൂറ് മാറി കോൺഗ്രസിലെത്തുമെന്നത് ഉറപ്പാണ്. ബാക്കിയുള്ള 58 സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി പട്ടിക വന്ന ശേഷമേ കോൺഗ്രസ് പ്രഖ്യാപിക്കൂ.