കുവൈത്തിലെ മലയാളി സൗഹൃദ കുടുംബ കൂട്ടങ്ങളിലൊന്നായ പ്രവാസഗീതം ഈസ്റ്റർ ഭക്തിഗാനം പുറത്തിറക്കി. മറുമൊഴി എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ സ്ത്രീകളും പുരുഷന്മാരും അടക്കം 11 ഗായകരാണ് പങ്കെടുത്തിരിക്കുന്നത്. ഗാനരചനയും സംഗീത സംവിധാനവും സുനിൽ കെ ചെറിയാൻ. ദുഃഖവെള്ളിയാഴ്ചയ്ക്ക് ഉയിർപ്പു ഞായർ എന്നൊരു മറുപടിയുണ്ടെന്നാണ് പാട്ടിന്റെ പ്രമേയം.
കുടുംബ കൂട്ടായ്മയിലെ അംഗം അകാലത്തിൽ അന്തരിച്ചു പോയ ജെസ്റ്റി ജെസിന് പ്രണാമം അർപ്പിച്ച് കൊണ്ടാണ് വീഡിയോ ഗാനം തുടങ്ങുന്നത്. കുവൈത്തിൽ നഴ്സായിരുന്ന ജെസ്റ്റി നാട്ടിൽ അവധിക്ക് പോയപ്പോൾ വാഹനാപകടത്തിൽ മരിച്ചത് കഴിഞ്ഞ മാസമാണ്.
കുവൈത്തിൽ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ സോബൻ ജയിംസിന്റെ വീട്ടിലായിരുന്നു ഗാനത്തിന്റെ ഓഡിയോ റെക്കോഡിങ്ങ്. റുമേയ്ത്തിയ പാർക്കിൽ വച്ച് വീഡിയോ എടുത്തു. റെജി വള്ളിക്കാടനും സംഘവും ആയിരുന്നു വീഡിയോ ചിത്രീകരണത്തിനും എഡിറ്റിങ്ങിനും പിന്നിൽ.
ലീന സോബൻ, മഞ്ജുഷ ബെന്നി, ഡെയ്സി ജോഷി, സിജി ജിജോ, അജിമോൾ സുനിൽ, റെജി മാത്യു, ബെന്നി ജേക്കബ്ബ്, ജോഷി പോൾ, ബൈജു ജോസഫ്, അനിൽ ജോസഫ്, സുനിൽ കെ ചെറിയാൻ എന്നിവരാണ് പാടിയത്. അനൂപ് വാഴക്കുളം പശ്ചാത്തല സംഗീതം ഒരുക്കി. കോഴിക്കോട് ഗ്രീൻ വേവ്സ് ആണ് ഓഡിയോ മിക്സ് ചെയ്തത്.
സോഷ്യൽ മീഡിയയിൽ മികച്ച സ്വീകാര്യതയാണ് ഈ ഈസ്റ്റർ ഭക്തിഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്