പ്രമേഹ രോഗികൾ പഴങ്ങൾ കണ്ടാൽ മുഖം തിരിക്കേണ്ട, നിങ്ങൾക്ക് കഴിക്കാവുന്ന പഴങ്ങൾ ഏതൊക്കെ എന്നറിയുക
പ്രമേഹം ബാധിച്ചാല്‍ പിന്നെ എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം എന്നാണ് പലരുടെയും സംശയം. ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്തായാലും പ്രമേഹരോഗികള്‍ക്ക് ആശങ്ക കൂടാതെ കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം. മുന്തിരി ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ പഴമാണ് മുന്തിരി. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.
ആപ്പിളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ആപ്പിള്‍ കഴിക്കുന്നത് ഗുണം ചെയ്യും. പീച്ച് പഴമാണ് പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന മറ്റൊരു ഫ്രൂട്ട്. പീച്ചില്‍ 68 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഓറഞ്ചാണ് ഈ പട്ടികയിലെ അഞ്ചാമന്.
ആസിഡ് അംശമുള്ള പഴങ്ങള്‍ പൊതുവേ പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ തന്നെ ഇവ ആരോഗ്യത്തിനും ഉത്തമമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഓറഞ്ച് സഹായിക്കും. കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ ഇവയടങ്ങിയ കിവി, പ്രമേഹരോഗികള്‍ക്ക് ഏറ്റവും മികച്ച പഴങ്ങളിലൊന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ കിവിക്ക് കഴിയുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ചെറിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസെമിക് സൂചികയില്‍ 20-ല്‍ താഴെയാണ് ചെറിയുടെ സ്ഥാനം. അതിനാല്‍ ഇവ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.