LIFEMovie

സിനിമകള്‍ റിലീസ് ചെയ്യണമെങ്കിൽ അടിയന്തരമായി 15 കോടി രൂപ കെട്ടിവയ്ക്കണമെന്ന് വിശാലിനോട് കോടതി

ചെന്നൈ: നടനും ചലച്ചിത്ര നിർമ്മാതാവുമായ വിശാലിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി. 15 കോടി രൂപ കോടതിയില്‍ അടിയന്തരമായി വിശാല്‍ കെട്ടിവയ്ക്കണമെന്നും അല്ലാത്ത പക്ഷം തീയറ്ററുകലിലോ, ഒടിടി  പ്ലാറ്റ്‌ഫോമുകളിലോ വിശാലിന്‍റെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതാണ് മദ്രാസ് ഹൈക്കോടതി ഏപ്രിൽ 5 ന് വിലക്കിയത്. 2022 മാർച്ച് 8-ന് സിംഗിൾ ബെഞ്ച് ജഡ്ജി 15 കോടി കെട്ടിവയ്ക്കാന്‍ വിശാലിന് നിര്‍ദേശം നല്‍കിയിരുന്നു.

2019 മുതൽ  21.29 കോടി രൂപ വിശാല്‍ നൽകാനുണ്ടെന്ന് ലൈക്ക പ്രൊഡക്ഷൻസിന്‍റെ ഹര്‍ജിയിലാണ് 2022 മാർച്ചില്‍ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി നടനോട് പണം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചത്. ഇതിനെതിരെ വിശാല്‍ നൽകിയ അപ്പീൽ പരിഗണിക്കാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജയും ജസ്റ്റിസ് ഡി. ഭരത ചക്രവർത്തിയും വിസമ്മതിച്ചു.

Signature-ad

കൂടാതെ സിംഗിൾ ജഡ്ജിയുടെ ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഒരു അധിക ക്ലോസ് കൂടി ചേർത്തു. പണം തിരിച്ചു ലഭിക്കാന്‍ ലൈക്ക പ്രൊഡക്ഷൻസ് ഫയൽ ചെയ്ത സിവിൽ സ്യൂട്ടിന്‍റെ ഭാഗമായി 15 കോടി രൂപ കെട്ടിവയ്ക്കാന്‍ നിർദ്ദേശം പാലിക്കുന്നതിൽ നടൻ പരാജയപ്പെട്ടാൽ അത് തീർപ്പാക്കുന്നതുവരെ വിശാലിന്‍റെ സിനിമകളൊന്നും തീയറ്ററുകളിലോ ഒടിടി പ്ലാറ്റ്‌ഫോമിലോ റിലീസ് ചെയ്യാൻ പാടില്ലെന്നും നിര്‍ദേശിച്ചു.

2016ൽ ഒരു ചലച്ചിത്രം നിര്‍മ്മിക്കുന്നതിനായി വിശാല്‍ ഗോപുരം ഫിലിംസിന്‍റെ അൻബുചെഴിയനിൽ നിന്ന് 15 കോടി രൂപ കടം വാങ്ങിയെന്നാണ് ലൈക്കയെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ വി.രാഘവാചാരി കോടതിയെ അറിയിച്ചത്. പലിശ സഹിതം 2019ൽ ഈ കടം 21.29 കോടി രൂപയായി.

ഇതോടെ വിശാലിനെ സഹായിക്കാൻ ലൈക്ക രംഗത്തിറങ്ങുകയും കടം മുഴുവന്‍ തീര്‍ക്കുകയും എന്നാല്‍ ലോൺ തുക കണക്കാക്കി പ്രതിവർഷം 30% പലിശ സഹിതം നടൻ ലൈക്കയ്ക്ക് തിരികെ നൽകണം എന്ന കരാര്‍ ഉണ്ടായിരുന്നു. പക്ഷെ ഇത് പാലിക്കാന്‍ വിശാലിന് സാധിച്ചില്ല. ഇതോടെ ലൈക്ക പ്രൊഡക്ഷൻ ഹൗസ് 2021-ൽ കേസ് നല്‍കുകയായിരുന്നു.

തുടർന്ന് വിശാലിന്‍റെ ബാധ്യത പലിശ സഹിതം 30 കോടി രൂപയായി ഉയർന്നു.ഈ  കേസില്‍ സിവിൽ സ്യൂട്ടിന്‍റെ ക്രഡിറ്റിലേക്കായി 15 കോടി രൂപ സ്ഥിരനിക്ഷേപം നടത്താനും യഥാർത്ഥ എഫ്ഡി രസീതുകൾ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറാനും സിംഗിൾ ജഡ്ജി നിർദ്ദേശിച്ചിരുന്നു. ഈ ഉത്തരവിനെ വെല്ലുവിളിച്ചാണ് വിശാല്‍ കോടതിയില്‍ എത്തിയതും തിരിച്ചടി കിട്ടിയതും.

Back to top button
error: