തിരുവനന്തപുരം: തൊഴിൽ തേടി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളി, ഇവിടെ നിന്ന് പഠിച്ച പാഠങ്ങൾ സ്വന്തം നാട്ടിൽ പരീക്ഷിച്ചപ്പോൾ പോക്കറ്റിൽ വന്നുനിറഞ്ഞത് ലക്ഷങ്ങൾ!!
കേരളത്തിലെ വിവിധ ഹോട്ടലുകളിൽ ജോലിചെയ്ത്, അവിടെ നിന്നും പൊറോട്ട അടിക്കാൻ പഠിച്ച അസം സ്വദേശി ഒടുവിൽ സ്വന്തം നാട്ടിൽ സ്ഥാപിച്ച പൊറോട്ട കമ്പനിയാണ് അതിന് കാരണം. പാതി വേവിച്ച പൊറോട്ട പാക്കറ്റിലാക്കി വിറ്റാണ് ദിഗന്ത ദാസ് എന്ന 32 കാരൻ ഇന്ന് അസമിൽ ലക്ഷങ്ങൾ നേടുന്നത്. കേരളത്തിൽ നിന്ന് പൊറോട്ടയടിക്കാൻ പഠിച്ചതാണ് ഈ ചെറുപ്പക്കാരന്റെ ജീവിതം മാറ്റിമറിച്ചത്.
പത്ത് വർഷം മുൻപാണ് ജീവിതത്തിന്റെ പരാധീനതകളിൽ നിന്ന് രക്ഷ തേടി ദിഗന്ത ദാസ് അസമിൽ നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയത്. ഇപ്പോൾ അസമിലെ ബിശ്വനാഥ് ചരിലാലി ജില്ലയിൽ പൊറോട്ട പാക്ക് ചെയ്ത് വിൽക്കുന്ന സ്വന്തം സംരംഭമുണ്ട് ഇദ്ദേഹത്തിന്. ‘ഡെയ്‌ലി ഫ്രഷ് ഫുഡ്’ എന്ന സംരംഭം വഴി 18 പേർക്ക് തൊഴിലും നൽകുന്നു. അഞ്ച് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന ബിസിനസിലൂടെ ദിഗന്തയ്ക്ക് ദിവസം ഒന്നര ലക്ഷം രൂപയോളം വിറ്റുവരവുണ്ട്.