KeralaNEWS

“ആറ് ദിവസം വൈകിയപ്പോള്‍ 41 ദിവസം ശമ്പളം മുടങ്ങിയെന്ന് പ്രചരിപ്പിച്ചു”; വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ നടത്തിയ പ്രചരണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: പ്രതിഷേധത്തിന്റെ പേരിൽ വൈക്കം ഡിപ്പോയിലെ കണ്ടക്ടർ അഖില എസ് നായർ നടത്തിയ പ്രചരണം വസ്തുതാ വിരുദ്ധമായിരുന്നെന്ന് മന്ത്രി ആന്റണി രാജു. ആറ് ദിവസം വൈകിയപ്പോൾ 41 ദിവസം ശമ്പളം മുടങ്ങിയെന്ന തെറ്റായ വാർത്തയാണ് അഖില പ്രചരിപ്പിച്ചത്. ഇത്തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി ശരിയല്ല. ഇതിന്റെ പേരിൽ സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കിയതെന്നും ആന്റണി രാജു പറഞ്ഞു.

ആന്റണി രാജു പറഞ്ഞത്: ”വൈക്കം ഡിപ്പോയിലെ അഖില എസ് നായരെ പാലായിലേക്ക് ട്രാൻസ്ഫർ ചെയ്ത ഉത്തരവിനെ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ, പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിഎംഡിയെ നിയോഗിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഖില നായരെ സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ തീരുമാനിച്ചു. പക്ഷെ ഒരു കാര്യം പറയാനുള്ളത്, അഖില ഡ്യൂട്ടി സമയത്ത് പ്രദർശിപ്പിച്ച ബാഡ്ജിലെ വരികൾ വസ്തുതകൾക്ക് വിരുദ്ധമായിരുന്നു.

Signature-ad

ആറ് ദിവസം വൈകിയപ്പോൾ 41 ദിവസം ശമ്പളം മുടങ്ങിയെന്ന തെറ്റായ വാർത്തയാണ് പ്രചരിപ്പിച്ചത്. ഒരു മാസത്തെ ശമ്പളം കൊടുക്കുന്നത് അടുത്തമാസമാണ്. അഞ്ചാം തീയതി കൊടുക്കേണ്ട ശമ്പളം 11 തീയതി ആയപ്പോഴാണ്, 41 ദിവസം മുടങ്ങിയെന്ന പ്രചരണം നടത്തിയത്. ഇത്തരം പ്രവൃത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രദർശിപ്പിച്ചത് ശരിയല്ലെന്ന അഭിപ്രായമുണ്ട്. പക്ഷെ അതിന്റെ പേരിൽ സ്ഥലംമാറ്റം നടത്തിയത് ശരിയല്ലെന്നാണ് സിഎംഡി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.”

ഡ്യൂട്ടിക്കിടെ ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖില നടത്തിയ പ്രതിഷേധം. ജനുവരി 11-ാം തീയതി നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. തുടർന്ന് കഴിഞ്ഞദിവസമാണ് നടപടി, സർക്കാരിനെയും കെഎസ്ആർടിസിയെയും അപകീർത്തിപ്പെടുത്തുന്നതെന്ന് പറഞ്ഞ് അഖിലയെ വൈക്കത്ത് നിന്ന് പാലായിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.

Back to top button
error: