കോഴിക്കോട്: എലത്തൂർ ട്രെയിൻ ആക്രമണ സംഭവത്തിൽ തീപ്പൊള്ളൽ ഏറ്റവർക്ക് സൗജന്യ ചികിത്സ നൽകാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ആരോഗ്യവകുപ്പ് ഡയറക്ടർ, ഡിഎംഇ എന്നിവർക്കാണ് ആരോഗ്യമന്ത്രി നിർദേശം നൽകിയത്. ഇന്നലെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ അക്രമി യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. സംഭവത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. അതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തീ പടർന്നു പിടിച്ചതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച് ട്രെയിനിൽ നിന്നും ചാടിയ മൂന്ന് പേർക്ക് ദാരുണാന്ത്യം സംഭവിച്ചു.
പുലർച്ചെ റെയിൽവേ ട്രാക്കിൽ നിന്നാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ ലഭിക്കുന്നത്. അപ്രതീക്ഷിതമായ ആക്രമണമായിരുന്നു തിരക്ക് കുറഞ്ഞ ട്രെയിനിൽ നടന്നത്. ഡി വൺ കോച്ചിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെയാണ് യാത്രക്കാർക്കുമേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. പൊള്ളലേറ്റ് ഭയന്നവർ നിലവിളക്കുന്നതിനിടെ ഇയാൾ ഓടി രക്ഷപ്പെട്ടു.
പതിനഞ്ചോളം പേരുടെ ശരീരത്തിലേക്ക് തീ പടർന്നെങ്കിലും 9 പേർക്കാണ് സാരമായി പൊള്ളലേറ്റത്. ഇവരിൽ 4 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിന് 50 % പൊള്ളലുണ്ട്. തീയിട്ടയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ചുവന്ന ഷർട്ട് ധരിച്ച് തൊപ്പിവച്ച ആളാണെന്ന് യാത്രക്കാർ മൊഴി നൽകി. നോയിഡ സ്വദേശിയായ ഷഹറുഖ് സെയ്ഫി എന്നയാളാണ് പ്രതിയെന്ന് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഇയാൾക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ് പൊലീസ്.