അഹമ്മദാബാദ്: കോഴി പക്ഷിയല്ല മൃഗമെന്ന് ഗുജറാത്ത് സർക്കാർ കോടതിയെ അറിയിച്ചു.സംസ്ഥാനത്തെ കടകളില്‍ കോഴിയെ കൊല്ലുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ കോഴി പക്ഷിയോ മൃഗമോ എന്നചോദ്യം ഗുജറാത്ത് ഹൈക്കോടതി ചോദിച്ചിരുന്നു.ഇതിനു മറുപടിയായിട്ടാണ് കോഴി മൃഗമാണെന്ന് സർക്കാർ കോടതിയിൽ രേഖാമൂലം മറുപടി നൽകിയത്.
ആനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്, അഹിംസാ മഹാ സംഘ് എന്നീ സന്നദ്ധ സംഘടനകള്‍ ഗുജറാത്ത് ഹൈക്കോടതിയിൽ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ഇത്തരമൊരു ആശയക്കുഴപ്പം ഉടലെടുത്തത്.
നിലവിൽ ഈ കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയെന്താവും എന്നതാണ് എല്ലാവരും കൗതുകത്തോടെ കാത്തിരിക്കുന്നത്. കോഴിയെ ഒരു മൃഗമായി പരിഗണിക്കുമെന്നാണ് കോടതിയുടെ വിധിയെങ്കില്‍ കോഴിക്കടകള്‍ ഇനി തുറക്കാന്‍ കഴിയില്ല,പകരം കശാപ്പ് ശാലകളില്‍ മാത്രമേ കോഴിയെ കൊല്ലാന്‍ സാധിക്കുകയുള്ളു.