കോട്ടയം:വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം സ്വീകരിച്ചെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
വൈകിട്ട് മൂന്നിന് വൈക്കം വലിയകവലയിലെ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിൽ കേരളത്തിന്റെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ ചേർന്ന് പുഷ്പാർച്ചന നടത്തും.
സംസ്ഥാന സർക്കാരിനു വേണ്ടി സംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന പരിപാടികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.വൈകിട്ട് മൂന്നിന് വലിയകവലയിലെ വൈക്കം തന്തൈ പെരിയാർ സ്മാരകത്തിലെത്തി മഹാത്മാഗാന്ധി, പെരിയാർ, ടി.കെ. മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് തുടങ്ങിയ സത്യഗ്രഹികളുടെയും നവോത്ഥാനനായകരുടെയും പ്രത്യേകം തയാറാക്കിയ സ്മൃതി മണ്ഡപങ്ങളിൽ ഇരു മുഖ്യമന്ത്രിമാരും പുഷ്പാർച്ചന നടത്തും.