ദില്ലി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനായി ഒൻപതാം ദിവസവും തിരച്ചിൽ തുടർന്ന് പൊലീസ്. വളരെ നാടകീയമായിട്ടായിരുന്നു അമൃത്പാൽ സിംഗിന്റെ രക്ഷപ്പെടൽ. കഴിഞ്ഞ ദിവസം അമൃത്പാൽ സിംഗിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ പഞ്ചാബ് പൊലീസ് തയ്യാറായിട്ടില്ല. അമൃത് പാൽ സിംഗിനായി തിരച്ചിൽ ആരംഭിച്ചിട്ട് ഒൻപത് ദിവസമാകുന്നു. പഞ്ചാബ് പൊലീസ് മാത്രമല്ല, കേന്ദ്ര സേനകൾ കൂടി ഈ വിഷയത്തിൽ ഇടപെട്ട് അന്വേഷണം നടത്തുന്നുണ്ട്. പ്രത്യേകിച്ച് അമിത്ഷായെ വധിക്കുമെന്ന ഭീഷണി അമൃത് പാൽ സിംഗ് മുഴക്കിയ സാഹചര്യത്തിൽ.
ഹരിയാനയിൽ തെരച്ചിൽ നടത്തിയെങ്കിലും അവിടെ നിന്നും കണ്ടെത്താൻ സാധിച്ചില്ല. ഇയാൾക്കൊപ്പം താമസിച്ചിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അവരിൽ നിന്ന് നിർണായകമായ വിവരങ്ങളൊന്നും തന്നെ കിട്ടിയിട്ടില്ല. അതുപോലെ ദില്ലിയിലെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു. ഉത്തരാഖണ്ഡിലും ഡെറാഡൂണിലും പരിശോധന നടത്തിയിരുന്നു. ഇത്രയും ദിവസമായിട്ടും അമൃത്പാൽ സിംഗിനെ കണ്ടെത്താൻ സാധിക്കാത്തത് പ്രഹേളികയായി തുടരുകയാണ്.