തൃശ്ശൂർ: വെള്ളിക്കുളങ്ങരയിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ മിന്നൽ ചുഴലിയിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ.വെള്ളിക്കുളങ്ങര, കൊപ്ലിപ്പാടം, കൊടുങ്ങാ മേഖലയിലാണ് ശക്തമായ കാറ്റുവീശിയത്.പ്രദേശത്ത്
പലയിടത്തും മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കൊടുങ്ങയിൽ തെങ്ങ് വൈദ്യുതി ലൈനിലും ടിപ്പർ ലോറിയുടെ മുകളിലും വീണ് ലോറിയുടെ മുൻ ഭാഗം തകർന്നു.
കൊപ്ലിപ്പാടം പേഴേരി ഉണ്ണികൃഷ്ണൻ, കിഴക്കേ കോടാലി അതിയാരത്ത് ദിനേശൻ എന്നിവരുടെ 200 ഓളം നേന്ത്ര വാഴകൾ കാറ്റിൽ ഒടിഞ്ഞു. കെഎസ്ഇബി വെള്ളിക്കുളങ്ങര സെക്ഷനിൽ വൈദ്യുതി ബന്ധവും തകരാറിലായി.കൊടുങ്ങ മാഞ്ഞൂക്കാരൻ ആന്റണി, മോഹനൻ എന്നിവരുടെ 1200 ഓളം നേന്ത്ര വാഴകൾ ഒടിഞ്ഞു നശിച്ചു.
മാഞ്ഞൂക്കാരൻ ഡേവിസിന്റെ വീടിന്റെ സൺ ഷെയ്ഡിന് മുകളിൽ തെങ്ങ് വീണു. കൊടുങ്ങയിൽ അച്ചാർ കമ്പനിയുടെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു പോയി. കൊടുങ്ങ പള്ളിയിലെ സെമിത്തേരിയിലേക്ക് കവുങ്ങും തേക്കും ഒടിഞ്ഞു വീണു.