KeralaNEWS

കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് കര്‍ഷക പ്രതിഷേധജ്വാല

കൊച്ചി: റബ്ബര്‍ വിലയിടിവ്, നെല്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, ഭൂനിയമ പരിഷ്‌കരണം തുടങ്ങി കര്‍ഷകര്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളും, സംസ്ഥാന ബഡ്ജറ്റിലെ കര്‍ഷകവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് കര്‍ഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. വൈകുന്നേരം 4.30 മുതല്‍ നടക്കുന്ന കര്‍ഷകസമരം കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ ഉത്ഘാടനം ചെയ്യും.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത വഹിക്കും. റബ്ബറിന് ന്യായവില ഉറപ്പാക്കുക, കേരളത്തിലെ റബര്‍ കര്‍ഷകരെ സംരക്ഷിക്കുവാന്‍ 200 രൂപ തറവില നിശ്ചയിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകുക, സംസ്ഥാനത്തിന്റെ വികസനത്തിന് തടസം ആയി നില്ക്കുന്ന പട്ടയ വ്യവസ്ഥകളിലെ സങ്കീര്‍ണതകള്‍ ചട്ടങ്ങളില്‍ നിന്നും ഒഴിവാക്കുവാന്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുക, ഉപാധി രഹിതമായി സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് നല്‍കുക, ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതില്‍ നിന്ന് പിന്മാറുക, പെട്രോള്‍-ഡീസല്‍ സെസ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്.

Back to top button
error: