KeralaNEWS

പഠനത്തോടൊപ്പം ജോലി കേരളത്തിലും യാഥാര്‍ഥ്യമാക്കും, വ്യാജ പ്രചാരണങ്ങൾ യുവാക്കൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി

കൊച്ചി: കേരളം വ്യവസായ സൗഹൃദമല്ലെന്ന വ്യാജപ്രചാരണം യുവാക്കള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസനവും സാധ്യമാകുന്ന വിദേശങ്ങളിലെ രീതി കേരളത്തിലും നടപ്പാകുമെന്നും യുവാക്കളെ തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മേഖലകളിലെ വിദഗ്ധരുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കി സംഘടിപ്പിച്ച പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവാക്കള്‍ കേരളം ഉപേക്ഷിക്കുകയാണെന്നും കേരളത്തില്‍ വ്യാവസായിക സൗഹൃദ അന്തരീക്ഷമില്ലെന്നുമുള്ള തെറ്റായ പ്രചാരണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശങ്കകള്‍ സര്‍ക്കാര്‍ കാണുന്നുണ്ട്. പഠനത്തോടൊപ്പം ജോലിയും തൊഴില്‍ നൈപുണ്യ വികസത്തിനുള്ള അവസരവുമാണ് വിദേശത്തേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. അത്തരം സൗകര്യങ്ങള്‍ ഇവിടെയും ഒരുക്കും. ഇതിന്റെ ഭാഗമായാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ്, യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കിയത്. നൂതനാശയങ്ങളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റാ9 മുന്നിട്ടിറങ്ങുന്നവര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും മുഖ്യമന്ത്രി പറഞ്ഞു.

Signature-ad

ദൈനംദിന ജീവിതത്തില്‍ സമസ്ത മേഖലകളുമായും ഇടപെടാന്‍ കഴിയുന്ന വിദഗ്ധരാണ് പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭാവി സമൂഹത്തിന്റെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കു വഹിക്കാന്‍ കഴിയും. കോളേജുകളെ വിജ്ഞാന വിതരണ കേന്ദ്രങ്ങള്‍ എന്നതിലുപരി വിദ്യാര്‍ഥികളുടെ ബഹുമുഖ കഴിവുകള്‍ വികസിപ്പിക്കുന്ന കേന്ദ്രങ്ങളായാണ് കാണേണ്ടത്. തദ്ദേശീയമായ അറിവുകളും ഗവേഷണങ്ങളും ഉല്‍പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുകയെന്ന വെല്ലുവിളി ഓരോ വിദ്യാര്‍ത്ഥിയും ഏറ്റെടുക്കണം.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടത്തിയ ഇടപെടലുകളുടെ ഫലമായി വിദ്യാര്‍ത്ഥി പ്രവേശന അനുപാതം 43.2 ശതമാനമായി. ഇത് 75% ത്തില്‍ എത്തിക്കാനാണ് ശ്രമം. ശാസ്ത്രസാങ്കേതിക എന്‍ജിനീയറിങ് മെഡിക്കല്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നൂതന വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചത്. നിരവധി പ്രവര്‍ത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുന്നത്. മെഡിക്കല്‍, നിയമവിദ്യാര്‍ത്ഥികളുടേതിന് സമാനമായി എല്ലാ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ നിര്‍മ്മാണ മേഖലയുടെ സംഭാവന 14% ആണ്. ദേശീയ ശരാശരിക്കടുത്താണിത്. കഴിഞ്ഞ വര്‍ഷം വ്യാവസായിക സൗഹൃദ അന്തരീക്ഷ റാങ്കിംഗില്‍ കേരളം പതിനഞ്ചാം സ്ഥാനത്തെത്തി. ശാസ്ത്ര, സാങ്കേതിക രംഗത്തെ മുന്നേറ്റത്തിനായി ഗവേഷണത്തിനും വികസനത്തിനുമായി 3500 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം വികസിപ്പിക്കാനായി മെഡിക്കല്‍ ടെക്‌നോളജി ഇന്നവേഷന്‍ പാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ യാഥാര്‍ഥ്യമാകും. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനായി 10 കോടിയും ഐ ടി മേഖലയ്ക്കായി 559 കോടിയും മാറ്റിവെച്ചിട്ടുണ്ട്. ഉത്പാദനോന്മുഖമായി കേരളത്തെ മാറ്റുന്നതിനൊപ്പം വിഭവങ്ങളുടെ നീതിയുക്തമായ വിതരണവും ഉറപ്പാക്കും. അതിനായി വികസന, ക്ഷേമ പദ്ധതികളുടെ ഗുണഫലം എല്ലാവരിലുമെത്തിക്കും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. ഭാരത് ബയോടെക് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ല മുഖ്യാതിഥിയായി. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, അസാപ് സി എം ഡി ഡോ. ഉഷ ടൈറ്റസ്, വിവിധ വിഷയങ്ങളിലെ അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: