CrimeKeralaNEWS

വാഹനം വാങ്ങിയതിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മില്‍ വാക്കുതര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: വൈപ്പിനില്‍ വീണ്ടും കൊലപാതകം. വ്യാഴാഴ്ച ഭര്‍ത്താവ് ഭാര്യ കൊലപ്പെടുത്തി കായലില്‍ ചാടി മരിച്ചതിന്റെ ചൂടണയും മുന്‍പേ വെള്ളിയാഴ്ചയും കൊലപാതകം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ നിര്‍മ്മാണ തൊഴിലാളിയായ യുവാവ് കുത്തേറ്റ് മരിച്ചു. നായരമ്പലം നെടുങ്ങാട് നികത്തിത്തറ വത്സന്റെ മകന്‍ സനോജ് (44)ആണ് മരിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഞാക്കല്‍ സി.ഐ രാജന്‍ കെ. അരമന, എസ്.ഐ മാഹിന്‍ സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയായ നായരമ്പലം കാട്ടൂക്കാരന്‍ അനില്‍ (54) എന്നയാളെ കസ്റ്റഡിയിലെടുത്തു. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയഴ്ച രാത്രി 10ന് എടവനക്കാട് അണിയല്‍ കിഴക്ക് നെടുങ്ങാട് റോഡില്‍ മുണ്ടിചിറ പാലത്തിനു കിഴക്ക് വച്ചായിരുന്നു സംഭവം. ഇടതുപള്ളയിലാണ് കുത്തേറ്റത്. മുറിവിലൂടെ കുടല്‍ പുറത്തേക്ക് പോന്ന അവസ്ഥയാലായിരുന്നു. ഒരു ഇരുചക്രവാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളില്‍ രണ്ടു പേരും തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലും മരണത്തിലും കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.

Signature-ad

പ്രതി തന്നെ കുത്തേറ്റയാളെയും കൊണ്ട് എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. ഭാര്യ: വിനീത. മക്കള്‍: സൗപര്‍ണിക, വൈഷ്ണവി. പ്രതിയെ ഇന്നലെ ഉച്ചക്ക് തെളിവെടുപ്പിനായി മുണ്ടിചിറ റോഡില്‍ കൊണ്ട് വന്നു. കുത്താന്‍ ഉപയോഗിച്ച കത്രിക ചെമ്മീന്‍ കെട്ടില്‍ നിന്നും കണ്ടെടുത്തു.

Back to top button
error: