Movie

ക്രിസ്റ്റഫർ’ അശ്വമേധം തുടരുന്നു, മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങളിൽ ഏറ്റവും ഉജ്വലം ക്രിസ്റ്റഫർ ആൻ്റണി

യവനിക’യിലെ ജേക്കബ് ഈരാളി മുതൽ ‘ക്രിസ്റ്റഫ’റിലെ ക്രിസ്റ്റഫർ ആൻ്റണി വരെ മമ്മൂട്ടി അനശ്വരമാക്കിയ പൊലീസ് വേഷങ്ങൾക്കു കണക്കില്ല. ബൽറാമും, നരേന്ദ്രൻ എന്ന നരിയും, ഹരിദാസ് ദാമോദരനും, ഡറിക്ക് എബ്രഹാമും, പെരുമാളും, രാജൻ സഖറിയായും, മണിയും തുടങ്ങി ഓരോ പൊലീസ് ഓഫീസറും വ്യത്യസ്ത കൊണ്ടും വേഷപ്പകർച്ചകൊണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. പുതിയ ചിത്രം ‘ക്രിസ്റ്റഫ’റിൽ മമ്മൂട്ടി അവതരിപ്പിച്ച പൊലീസ് വേഷം പ്രേക്ഷകർക്ക് ആവേശം പകരുന്നു.

മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു പോലീസ് മുഖം തന്നെയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ. കഥാപാത്രത്തിനനുയോജ്യമായ മമ്മൂട്ടിയുടെ ശരീരഭാഷയും അഭിനയരീതികളും കണ്ടിരിക്കാൻ തന്നെ ഒരു ത്രിൽ ആണ്‌. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം രണ്ടേമുക്കാൽ മണിക്കൂർ പോയതറിയാതെ മനോഹരമായിത്തന്നെ ഈ പോലീസ് സ്റ്റോറി ബി ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ടൈഗറും, മാടമ്പിയും, ഗ്രാൻഡ് മാസ്റ്ററും, ഐ.ജി യും, വില്ലനുമൊക്കെ സമ്മാനിച്ച ബി. ഉണ്ണികൃഷ്ണൻ ‘ആറാട്ടി’ൽ നിരാശപ്പെടുത്തിയെങ്കിലും ക്രിസ്റ്റഫറിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്. മോർച്ചറിയിൽ നിന്നും പ്രിയമുള്ള ഒരാളുടെ ഡെഡ്ബോഡി കണ്ടിട്ട് തിരിച്ചിറങ്ങി വരുന്ന ക്രിസ്റ്റഫറിൻ്റെ ഭാവപ്പകർച്ചകൾ മമ്മൂട്ടിയിലെ മഹാനടൻ്റെ വ്യത്യസ്തയാർന്ന അഭിനയസിദ്ധിയാണ് വെളിവാക്കുന്നത്. ഓരോ സിനിമയിലും മമ്മൂട്ടിക്ക് ഉജ്വലമായ ഓരോ അഭിനയരീതികളാണ്. ഒരു കഥാപാത്രവും മറ്റൊന്നിൻ്റെ തനിയാവർത്തനമല്ല.
നാടകീയ മുഹൂർത്തങ്ങൾ തീവ്രവും സ്വാഭാവികമായും അഭിനയിക്കുന്നതിൽ മമ്മൂട്ടിയുടെ സിദ്ധി അപാരമാണെന്ന് ലോഹിതദാസ് ഒരിക്കൽ പറയുകയുണ്ടായി. എന്ന് മാത്രവുമല്ല മോഹൻലാലിന്റെ അഭിനയം ജന്മസിദ്ധമെങ്കിൽ മമ്മൂട്ടിയുടെ അഭിനയം കർമ്മസിദ്ധമാണ്. എന്ന് വച്ചാൽ ഓരോ സിനിമ കഴിയുംതോറും മമ്മൂട്ടിയുടെ അഭിനയം ഉരുകിത്തെളിഞ്ഞ് മിഴിവാർന്ന് വരികയാണെന്നു സാരം. ഓരോ സിനിമ കഴിയുംതോറും മമ്മൂട്ടിയിലെ നടന്റെ ഗ്രാഫ് ഉയരുകയാണ്. അതായത് മമ്മൂക്കയുടെ എറ്റവും മികച്ച അഭിനയം നാം ഇനി കാണാനിരിക്കുന്നതേയുള്ളൂ എന്നർഥം. ക്രിസ്റ്റഫറിലെ പ്രധാന വില്ലന് ശബ്ദം നൽകിയ ആൾ പ്രത്യേക പ്രശംസയർഹിക്കുന്നു. ബി.ജി.എംൽ ഒരു തീം മ്യൂസിക്കിന്റെ പോരായ്മയും അല്പം പഞ്ച് കുറവും അനുഭവപ്പെട്ടു. ഷോട്സിനൊക്കെ അല്പം കൂടി ചടുലതയാകാമായിരുന്നു. ചിത്രം ഒന്നുകൂടി ക്രോപ് ചെയ്ത് രണ്ടര മണിക്കൂറിനുള്ളിൽ ഒതുക്കിയിരുന്നെങ്കിൽ കുറച്ച് കൂടി ആസ്വാദ്യകരമായേനെ. ഉദയ്കൃഷ്ണയുടെ സ്ക്രിപ്റ്റിൽ ബി ഉണ്ണികൃഷ്ണന്റെ മുദ്രയുടെ തിളക്കമുണ്ട്. ചിത്രം തീരുമ്പോൾ തിയറ്ററിൽ ഉയർന്ന കയ്യടി ഒരു സ്ത്രീപക്ഷ സിനിമ കൂടിയായ ഈ ചിത്രത്തിന്റെ വൻ വിജയത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. തീർച്ചയായും വരും ചിത്രങ്ങൾ ഇതുപോലുള്ള ഹോം വർക്കുകളിലൂടെ കൂടുതൽ മിഴിവുറ്റതാകട്ടെ. ഈ ചിത്രം തിയറ്ററിൽ തന്നെ ആസ്വദിച്ചു കണ്ടിറങ്ങാം എന്ന് ഉറപ്പിച്ചു പറയാം

Signature-ad

ഒടുവിൽ കിട്ടിയത്: ‘ക്രിസ്റ്റഫർ’ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ആദ്യ ദിവസം കേരളത്തിൽ നിന്ന് ലഭിച്ച കളക്ഷൻ 1.83 കോടി രൂപയാണ്…! 175 ലധികം ഹൗസ് ഫുൾ ഷോകളിലും 50ലേറെ അർദ്ധരാത്രി പ്രദർശനങ്ങളിലും നിന്നാണ് ഈ വൻ തുക നേടിയത്

ജയൻ മൺറോ

Back to top button
error: