ഇടുക്കിയില്‍ ഭക്ഷണ അലര്‍ജിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകള്‍ നയന്‍മരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടര്‍ന്നാണ് അലര്‍ജിയുണ്ടായതെന്നാണ് വിവരം.
മൈദ, ഗോതമ്പ് എന്നിവ നയന്‍മരിയക്ക് അലര്‍ജിക്ക് കാരണമാകാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ കഴിച്ച് നേരത്തെയും കുട്ടിക്ക് അസുഖം വന്നിരുന്നു. തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടതോടെയാണ് നയന്‍മരിയ വീണ്ടും ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ നയന്‍മരിയ ഉച്ചയോടെ മരിച്ചു.
വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് നയന്‍മരിയ. കുട്ടിയുടെ അച്ഛന്‍ സിജു വാഴത്തോപ്പ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് .