KeralaNEWS

ഇത് ഞങ്ങളുടെ റോഷി അല്ല, ഞങ്ങളുടെ റോഷി ഇങ്ങനെ അല്ല… വെളളക്കര വർധന നിയമസഭയിൽ ന്യായീകരിച്ച മന്ത്രി റോഷി അഗസ്റ്റ്യനെതിരെ നിയമസഭയിൽ പ്രതിപക്ഷ നേതാവി​ന്റെ മാസ് ഡൈയലോ​ഗ്!

തിരുവനന്തപുരം: വെളളക്കര വർധന നിയമസഭയിൽ ന്യായീകരിച്ച മന്ത്രി റോഷി അഗസ്റ്റ്യനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പഴയ റോഷി ഇങ്ങനെയായിരുന്നില്ലെന്നും അപ്പുറം (എൽഡിഎഫിൽ) പോയതോടെ ആളാകെ മാറിപ്പോയെന്നുമായിരുന്നു സതീശന്റെ കുറ്റപ്പെടുത്തൽ. നിയമസഭയിൽ വെള്ളക്കര വർധനയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾക്കിടെയാണ് മുമ്പ് യുഡിഎഫിനൊപ്പമുണ്ടായിരുന്ന കേരളാ കോൺഗ്രസിലെ (എം) റോഷി അഗസ്റ്റ്യൻ എൽഡിഎഫിലെത്തിയതോടെ ആകെ മാറിപ്പോയെന്ന് സതീശൻ അഭിപ്രായപ്പെട്ടത്.

‘ഞങ്ങൾക്കറിയാവുന്ന ഒരു റോഷി അഗസ്റ്റിനുണ്ടായിരുന്നു. ഇതുപോലെ മറുപടി പറയുന്നൊരാളായിരുന്നില്ല അങ്ങ്. അപ്പുറം പോയതിന്റെയോ മന്ത്രിയായതിന്റെയോ കുഴപ്പമാണ്’. ഒന്നുകിൽ എൽഡിഎഫിൽ പോയതിന്റെയാണ് അതല്ലെങ്കിൽ മന്ത്രിയായതിന്റെ കുഴപ്പമെന്നായിരുന്നു സതീശന്റെ വാക്കുകൾ. വെളളക്കരത്തിലൂടെ കടത്തിൽ നട്ടം തിരിയുന്ന ജനത്തിൻറെ കരണത്ത് സർക്കാർ മാറിമാറി അടിക്കുകയാണെന്നെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

Signature-ad

അതേ സമയം, വെള്ളക്കരം കൂട്ടിയതിനെ ന്യായീകരിക്കാൻ വിചിത്ര വാദം നിരത്തിയ ജലവിഭവമന്ത്രി വിവാദമായപ്പോൾ തിരുത്തി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബം ഒരു ദിവസം 100 ലിറ്റർ വെള്ളം ഉപയോഗിക്കുമോ എന്നായിരുന്നു ഉപയോഗം കുറക്കണമെന്ന പേരിൽ റോഷി അഗസ്റ്റിൻറെ പ്രതികരണം. ഒരാൾക്ക് 100 ലിറ്റർ വെള്ളം എന്നാണ് ഉദ്ദേശിച്ചതെന്ന് പിന്നീട് മന്ത്രി തിരുത്തിപ്പറഞ്ഞു. വിലവർദ്ധനവ് കേട്ട് ബോധം കെടുന്നയാൾക്ക് കൊടുക്കുന്ന വെള്ളത്തി​ന്റെ അളവ് കൂട്ടണമെങ്കിൽ എംഎൽഎമാർ കത്ത് തന്നാൽ മതിയെന്നായിരുന്നു റോഷി അഗസ്റ്റി​ന്റെ ഇന്നലത്തെ പരിഹാസം. ഇന്ന് വെള്ളം ഉപയോഗത്തി​ന്റെ വിചിത്ര കണക്കുകൾ ചോദിച്ചും പറഞ്ഞുമായിരുന്നു ന്യായീകരണം.

ലോകാരോഗ്യ സംഘടനുടെ കണക്ക് അനുസരിച്ച് ഒരാൾക്ക് ഒരു ദിവസം വേണ്ടത് 130 ലിറ്റർ വെള്ളമാണ്. കേരളത്തിൽ ശരാശരി ഒരാളുടെ വെള്ളത്തിൻറെ ഉപഭോഗം 100 ലിറ്ററിന് മേലെയാണ്. ഉപഭോഗം കുറക്കുന്നതിൽ ജനത്തെ പഠിപ്പിക്കണം എന്ന് കൂടി കണ്ടാണ് നിരക്ക് കൂട്ടലെന്നാണ് മന്ത്രിയുടെ പുതിയ വാദം. മന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനം ഉയർന്നതോടെ ഉദ്ദേശിച്ചത് ഒരാൾക്ക് 100 ലിറ്റർ എന്നാണെന്ന് തിരുത്തി. തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങളെ പഴിച്ചാണ് മന്ത്രിയുടെ തിരുത്തൽ.

Back to top button
error: