ഡോ. പ്രവീൺ ഇറവങ്കര
“എനിക്കുമുണ്ട് ഏകദേശം ഈ പ്രായത്തിൽ ഒരു മകൾ.
വല്ല കുരുത്തക്കേടും കാണിച്ചാൽ പറഞ്ഞു തിരുത്തുകയല്ലേ വേണ്ടത്…?
അതോ പണ്ട് നമ്മൾ ഉശിരുള്ള ഒരു പെണ്ണിനെ, ഒരു ഡോ.സിന്ധു ജോയിയെ കടൽകടത്തി ഓടിച്ചു വിട്ട പോലെ ഇവളെയും നിശബ്ദയാക്കി ഇരുട്ടിലെറിയാനാണോ പദ്ധതി ?
കഷ്ടമുണ്ട് കേട്ടോ…
അവളൊരു പെണ്ണാണ്.
പെങ്ങളാണ്…മകളാണ്.”
രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും ചിന്താ ജെറോമിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സ്നേഹവും വാത്സല്യവും നിറഞ്ഞ വികാര വായ്പോടെ പ്രതികരിക്കുകയാണ്
നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഡോ.പ്രവീൺ ഇറവങ്കര
കാണാൻ കൗതുകമുള്ള ഒരു കൊച്ചു പെൺകുട്ടി.
നമ്മുടെ അടുത്ത വീട്ടിലോ മറ്റോ പണ്ടെങ്ങോ കണ്ടു മറന്ന പെങ്ങളൂട്ടി.
എടുത്താൽ പൊങ്ങാത്ത അവളുടെ വർത്തമാനം കേൾക്കാൻ ഒരു രസമൊക്കെയുണ്ട്.
കുട്ടിത്തം ഒരു ശാപമാണെന്നാരു പറഞ്ഞു ?
വെറുതെ എന്തിനാ തൊട്ടതിനും പിടിച്ചതിനുമൊക്കെ ആ കൊച്ചിന്റെ മേലേ കുതിര കേറുന്നത് ?
അവൾ ജിമിക്കിക്കമ്മലിന്റെ കഥ കടിച്ചാപ്പൊട്ടാത്ത ഭാഷയിൽ പറഞ്ഞതും ഏണസ്റ്റ് ചെഗുവരയെക്കൊണ്ട് ക്യൂബയിൽ ബൈക്കോടിപ്പിച്ചതും എന്തിന് വാഴക്കുല വിറ്റ് ഡോക്ടറേറ്റ് വാങ്ങിയതുമൊന്നും ഒരു മഹാപരാധമായി എനിക്കു തോന്നിയില്ല.
‘മലയപ്പുലയനാ മാടത്തിൻ മുറ്റത്ത് മഴവന്നനാളൊരു വാഴ നട്ട’പ്പോൾ വെളളമൊഴിച്ചത് സാക്ഷാൽ ചങ്ങമ്പുഴയാണെന്ന ഗൃഹാതുരത്വം എന്നെയും അതിക്രൂരം വേട്ടയാടുന്നുണ്ടെങ്കിലും ഇതിലും വലിയ ഭാഷാദ്രോഹികൾ ജീവിച്ചിരിക്കുന്ന നാട്ടിൽ ഇതൊക്കെ ചെറുത്…നിസ്സാരം…!
കവിതയെന്ന പേരിൽ ചില ഭാഷാദ്ധ്യാപകർ തന്നെ പടച്ചു വിടുന്ന അക്ഷന്തവ്യമായ വിവരക്കേടുകൾ ഓർത്താൽ,അവരെ തൂക്കിക്കൊല്ലാതെ വെറുതെ വിടുന്ന പുതുപുത്തൻ കാവ്യനീതിക്കുമുന്നിൽ ഈ പാവം ചിന്തയൊക്കെ എത്ര നിഷ്കളങ്കരാണ്.
ഇതു കേട്ടാൽ തോന്നും ഇതിനു മുമ്പ് ഇവിടുത്തെ യൂണിവേഴ്സിറ്റികളൊക്കെ അംഗീകരിച്ച മുഴുവൻ പ്രബന്ധവും കറകളഞ്ഞതാണെന്ന് !
ഒന്നു ചുമ്മാതിരിക്ക് സാറേ…
ഇതല്ല ഇതിലും വല്ല്യ പെരുന്നാളൊക്കെ ഇവിടെ നടന്നിട്ടുണ്ട്.
പക്ഷേ അതൊന്നും ആരും ശ്രദ്ധിക്കാതെ പോയത് അവരാരും ചിന്ത അല്ലാത്തതു കൊണ്ടാണ്.
ഈ കൊച്ചിനു മാത്രമെന്താ ഈ ഗതി…?
പണ്ട് ഗർവ്വാസീസ് ആശാൻ പറഞ്ഞ പോലെ, “ഹോ ഈ പത്രക്കാരെക്കൊണ്ടു ഞാൻ തോറ്റു. അവരു നോക്കിനടക്കുവാ ഞാൻ എന്തോ ചെയ്യുവാന്ന്..!പത്രത്തിലിടാൻ !’
പക്ഷേ ഒരു കാര്യം പറയാതെ വയ്യ.
സർക്കാർ നിയമനത്തിൽ യുവജനക്കമ്മീഷന്റെ തലപ്പത്തിലുന്നു ശമ്പളം വാങ്ങുന്ന ആദ്യത്തെ ആളൊന്നുമല്ല ചിന്ത.
റോമൻ കത്തോലിക്കക്കാരനെ തന്നെ കല്ല്യാണം കഴിക്കണമെന്നു പറഞ്ഞ ആദ്യത്തെ പെണ്ണും അല്ല.
അമ്മയെ ചികിത്സിക്കാൻ ആയുർവേദ റിസോർട്ടിൽ മുറിയെടുത്ത ആദ്യത്തെ മകളുമല്ല.
അതൊക്കെ ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ…?
പ്രത്യേകിച്ച് അവൾ വളർന്നു വരുന്ന ഒരു പെൺകുട്ടിയല്ലേ ?
ആർജ്ജവമുള്ള ഒരു യുവസഖാത്തിയല്ലേ ?
പേരിട്ട അച്ഛനുമമ്മയും പോലും അവളുടെ കാതിൽ ആദ്യം വിളിച്ചത് ചിന്തയെന്നല്ലേ ?
പിന്നെ ചിന്തയില്ലാതെ നമ്മളെന്തിന് അവളെ ആക്രമിക്കണം ?
എനിക്കുമുണ്ട് ഏകദേശം ഈ പ്രായത്തിൽ ഒരു മകൾ.
വല്ല കുരുത്തക്കേടും കാണിച്ചാൽ പറഞ്ഞു തിരുത്തുകയല്ലേ വേണ്ടത് ?
അതോ പണ്ട് നമ്മൾ ഉശിരുള്ള ഒരു പെണ്ണിനെ, ഒരു ഡോ.സിന്ധു ജോയിയെ കടൽകടത്തി ഓടിച്ചു വിട്ട പോലെ ഇവളെയും നിശബ്ദയാക്കി ഇരുട്ടിലെറിയാനാണോ പദ്ധതി ?
കഷ്ടമുണ്ട് കേട്ടോ…
അവളൊരു പെണ്ണാണ്.
പെങ്ങളാണ്.
മകളാണ്.
നമ്മുടെ പാവം ചിന്തയാണ്.