കോട്ടയം: കാലിത്തീറ്റ മൂലമുള്ള ഭക്ഷ്യവിഷബാധ കോട്ടയം ജില്ലയിൽ നാലു പഞ്ചായത്തുകളിൽക്കൂടി റിപ്പോർട്ട് ചെയ്തു. കാലത്തീറ്റ കഴിച്ച കന്നുകാലികൾക്കു വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവ റിപ്പോർട്ട് ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. മാഞ്ഞൂർ, വെളിയന്നൂർ, എലിക്കുളം, കുറവിലങ്ങാട് പഞ്ചായത്തുകളിലാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്.
ജില്ലയിൽ ഇന്നലെ 10 പഞ്ചായത്തുകളിലായി 18 കർഷകരുടെ 47 കന്നുകാലികൾക്കും രണ്ട് ആടുകൾക്കും രോഗം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. മാഞ്ഞൂർ -14, എലിക്കുളം-7, കുറവിലങ്ങാട്-3, വെളിയന്നൂർ-4, നീണ്ടൂർ-2, മീനടം-3, ആർപ്പൂക്കര-6 കന്നുകാലി, 2 ആട്, വാഴൂർ-1, പാമ്പാടി-2, അതിരമ്പുഴ-5 എന്നിങ്ങനെയാണ് രോഗം റിപ്പോർട്ട് ചെയ്ത കന്നുകാലികളുടെ എണ്ണം. രോഗലക്ഷണങ്ങളല്ലാതെ ഗൗരവമായ സ്ഥിതിവിശേഷം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭക്ഷ്യവിഷബാധയുടെ ചികിത്സാ പുരോഗതി ചീഫ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ വിലയിരുത്തി. കാലിത്തീറ്റ കഴിച്ച് രോഗാവസ്ഥയിലായ കന്നുകാലികളുടെ പാൽ ഉൽപാദനം പൂർണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുള്ളതായി ഡോ. പി.കെ. മനോജ് കുമാർ അറിയിച്ചു. രോഗം ഭേദമായ കന്നുകാലികളിലും പാലുല്പാദനം ചുരുങ്ങിയിട്ടുണ്ട്. കൂടുതൽ കാലിത്തീറ്റ സാമ്പിളുകൾ മണ്ണുത്തി, നാമക്കൽ, ഗുജറാത്തിലെ ആനന്ദ് എന്നിവിടങ്ങളിലെ ലാബുകളിലേക്ക് അയയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായും ചീഫ് വെറ്ററിനറി ഓഫീസർ അറിയിച്ചു.