KeralaNEWS

ഉമ്മൻ ചാണ്ടിയുടെ ശബ്ദം വീണ്ടും നഷ്ടമായി; സ്വന്തം കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപണം, ചികിത്സയ്ക്ക് കൊണ്ടുപോകാൻ മകൾ അച്ചു ശ്രമിച്ചപ്പോൾ തടഞ്ഞ് ഭാര്യയും മറ്റ് മക്കളും, ആശങ്കയിൽ അണികളും സുഹൃത്തുക്കളും

തിരുവനന്തപുരം: ജനങ്ങൾക്കിടയിൽ ജനങ്ങൾക്കായി ജീവിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വീട്ടുകാർ വീണ്ടും ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം. മുൻപും ഈ ആരോപണം ഉയർന്നപ്പോഴാണ് പാർട്ടിക്കാർ അടക്കം ഇടപെട്ട് അദ്ദേഹത്തെ ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയത്. ഭാര്യയുടെയും മകന്റെയും വിശ്വാസപ്രമാണങ്ങൾ കാരണമാണ് ഉമ്മൻ ചാണ്ടിക്ക് ചികിത്സ നൽകാതിരിക്കുന്നത് എന്നായിരുന്നു മുൻപ് പ്രചരിച്ചിരുന്നത്. ഈ പ്രചരണത്തോടെയാണ് അദ്ദേഹം ജർമ്മനിയിലേക്ക് ചികിത്സക്ക് വിമാനം കയറിയതും. അതിന് ശേഷം, നാട്ടിൽ തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിക്ക് തുടർചികിത്സ വൈകുന്നതാണ് ഇപ്പോൾ മറ്റൊരു ആശങ്കയായി മാറുന്നത്. അവിടെയും തടസമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ വീട്ടുകാർ തന്നെയാണെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.

Signature-ad

2015 മുതൽ തുടങ്ങിയാണ് ഉമ്മൻ ചാണ്ടിക്ക് തൊണ്ടയിലെ പ്രശ്‌നങ്ങൾ. അതിന് ശേഷം കാൻസറാണെന്ന് 2019ൽ തിരിച്ചറിയുകയും ചെയ്തു. ഇതിന് ശേഷവും കൃത്യമായി ചികിത്സ ലഭ്യമാക്കാതിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയതും ശബ്ദം നഷ്ടമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചതും. ഇപ്പോൾ ഉമ്മൻ ചാണ്ടിക്ക് തുടർചികിത്സ നിഷേധിക്കുന്നു എന്നതാണ് സുഹൃത്തുക്കളെ ആശങ്കപ്പെടുത്തുന്ന കാര്യം. അദ്ദേഹത്തിന്റെ ആരോഗ്യനില പരിഗണിച്ച് ബെംഗളൂരു ആശുപത്രിയിൽ തന്നെ തുടർചികിത്സ നടത്തണമെന്നാണ് സുഹൃത്തുക്കളുടെ നിർദ്ദേശം. ഇത് വകവെക്കാൻ വീട്ടുകാർ തയ്യാറാകുന്നില്ലെന്നതാണ് ഉയരുന്ന ആക്ഷേപവും. ഇതിനിടെ അദ്ദേഹത്തിന് വീണ്ടും ശബ്ദം ന്ഷ്ടമായ അവസ്ഥയിലാണുള്ളതും. ഇതിനിടെയാണ് ഉമ്മൻ ചാണ്ടിയുടെ ആരോഗ്യവസ്ഥ വിവരിക്കുന്ന മെഡിക്കൽ രേഖകൾ പ്രചരിക്കുന്നത്.

ബെംഗളൂരുവിലെ എച്ച്.സി.ജി. കാൻസർ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം ജനുവരി ഒന്നിനാണ് അദ്ദേഹം കേരളത്തിലേക്കുവന്നത്. തുടർചികിത്സയ്ക്ക് ഒമ്പതാംതീയതി തിരിച്ചുചെല്ലേണ്ടതായിരുന്നു. എന്നാൽ, അദ്ദേഹത്തിന് കൃത്യസമയത്ത് ചികിത്സ നൽകേണ്ടവർ പോലും അതിന് താൽപ്പര്യം പ്രകടിപ്പിച്ചില്ല. നാട്ടുകാരെ കാണണം എന്ന ആഗ്രഹം കൊണ്ടാണ് ഉമ്മൻ ചാണ്ടിയെ നാട്ടിലേക്ക് കൊണ്ടുവന്നത്. ഇതിന് ശേഷം ജനുവരി 9ന് തുടർചികിത്സ നടത്തേണ്ടതുമായിരുന്നു. അന്ന് തിരിച്ചു പോയില്ല. അതിന് ശേഷം ജനുവരി 18ന് ചികിത്സക്ക് കൊണ്ടുപോകേണ്ട സമയത്തും ആരും അദ്ദേഹത്തെ തുടർചികിത്സക്ക് കൊണ്ടുപോകാൻ തയ്യാറായില്ല.

ഇതിനിടെ ചികിത്സ വൈകുന്നതിൽ ആശങ്കയുള്ള മകൾ അച്ചു ഉമ്മൻ ഗൾഫിൽ നിന്നും നാട്ടിലെത്തി പിതാവിനെ ചികിത്സക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അതിലും എതിർപ്പുകളുണ്ടായി. നാട്ടുകാർ കൂടി ഇടപെട്ട് ചികിത്സ കൊണ്ടുപോകാൻ തുടങ്ങിയപ്പോൾ ഭാര്യ അതിന് സമ്മതിക്കാത്ത അവസ്ഥ ഉണ്ടായി. ഇതോടെ കഴിഞ്ഞ ഒരു മാസത്തോളമായി കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥയിലാണ് മുൻ മുഖ്യമന്ത്രി.

തൊണ്ടയിലാണ് ഉമ്മൻ ചാണ്ടിക്ക് രോഗബാധ. ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ അദ്ദേഹത്തിന് ഇതിനായി ലേസർ ചികിത്സ നടത്തിയിരുന്നു. ഈ സമയത്ത് അടഞ്ഞ ശബ്ദം അല്പം മെച്ചപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ചികിത്സയും ഫലപ്രദമായിരുന്നു. എന്നാൽ, തുടർചികിത്സയ്ക്ക് മുതിരാത്തത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാകാൻ കാരണമാകുന്നുവെന്നാണ് സുഹൃത്തുക്കളുടെ ആശങ്ക. നിലവിൽ ജഗതിയിലെ വീട്ടിൽ പൂർണവിശ്രമത്തിലാണ് ഉമ്മൻ ചാണ്ടി. സന്ദർശകരെ തീരേ അനുവദിക്കുന്നുമില്ല.

കീമോ, റേഡിയേഷൻ ചികിത്സയും ആരോഗ്യം വീണ്ടെടുക്കാനുള്ള ആഹാരക്രമവുമാണ് ബെംഗളൂരു എച്ച്.സി.ജി. ആശുപത്രിയിലെ ഡോ. യു.എസ്. വിശാൽ റാവു നിർദ്ദേശിച്ചത്. ആശുപത്രി എക്സിക്യുട്ടീവ് ചെയർമാൻ ഡോ. ബി.എസ്. അജയ്കുമാർ ജീനോമിക് പ്രൊഫൈലിങ്, മൈക്രോബയോം പ്രൊഫൈലിങ് എന്നിവയും കീമോ, റേഡിയേഷൻ തെറാപ്പിയും നിർദ്ദേശിച്ചെന്ന് ബെംഗളൂരു ആശുപത്രിയിലെ ചികിത്സാസംഗ്രഹത്തിൽ പറയുന്നു.

2015 മുതലാണ് ഉമ്മൻ ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയത്. തിരക്കുപിടിച്ച നേതാവായതിനാൽ അദ്ദേഹം സ്വന്തം കാര്യത്തിൽ കാര്യമായി ഒന്നും ശ്രദ്ധിച്ചിരുന്നില്ല. അന്ന് തൊണ്ടയ്ക്ക് പ്രശ്‌നങ്ങൾ ഉണ്ടായതോടെ തിരുവനന്തപുരത്ത് ഇഎൻടി ഡോക്ടറെ കണ്ട് ചികിത്സ തേടി. ആറ് മാസത്തോളം അന്ന് ചികിത്സ തേടുകയുണ്ടായി. തുടർന്ന് അങ്കമാലിയിലെ സിദ്ധ, നാച്ചുറോപ്പതി ചികിത്സ തേടുകയാണ് ഉണ്ടായത്. ഇതിന് ശേഷം 2019 ൽ ഉമ്മൻ ചാണ്ടി അമേരിക്കയിൽ ചികിത്സ തേടിയിരുന്നു. തൊണ്ടയിൽ ചെറിയ വളർച്ച ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്ന് അമേരിക്കയിൽ ചികിത്സ നടത്തിയത്. അന്ന് പെറ്റ് സ്‌കാൻ അടക്കം നടത്തി രോഗനിർണയം നടത്തുകയുണ്ടായി.

വെല്ലൂരിലെ ചികിത്സയിൽ തൊണ്ടയിലെ പ്രശ്‌നങ്ങൾ കൂടുതൽ വ്യക്തമായി. പിന്നീട് തിരുവനന്തപുരത്തെ ആർസിസിയിൽ ചികിത്സനേടിയെങ്കിലും പല കാരണങ്ങൾ കൊണ്ട് ചികിത്സ തുടരുന്ന സാഹചര്യം ഉണ്ടായില്ല. ഇതിനിടെ ഡെങ്കിപ്പനി പിടികൂടിയതു കൊണ്ട് ആയുർവേദ ചികിത്സയാണ് തുടർന്ന് നടത്തിയത്. ഇടക്കാലം കൊണ്ട് വേണ്ടത്ര ചികിത്സ നേടിതിരുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്. ശബ്ദം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയതോടെയാണ് വിഷയം പൊതുജന മധ്യത്തിലേക്ക് വന്നത്.

ഭാര്യയും മക്കളും ഇടക്കാലം കൊണ്ട് പെന്തകോസ്ത് വിശ്വാസത്തിലേക്ക് നീങ്ങിയതാണ് ഉമ്മൻ ചാണ്ടിക്ക് കൃത്യസമയത്ത് ചികിത്സ നിഷേധിക്കപ്പെടാൻ ഇടയാക്കിയതെന്ന ആക്ഷേപം ശക്തമായിരുന്നു. ഉമ്മൻ ചാണ്ടിയെ തുടർ ചികിത്സക്ക് കൊണ്ടുപോകേണ്ട മകൻ ചാണ്ടി ഉമ്മൻ ഈ സമയങ്ങളിൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയായിരുന്നു. നേരത്തെ ബെർലിനിൽ ഉമ്മൻ ചാണ്ടിയെ ചികിത്സക്ക് കൊണ്ടുപോയത്് ചാണ്ടി ഉമ്മൻ, മകൾ മറിയ, ബെന്നി ബഹനാൻ എംപി എന്നിവർ ചേർന്നായിരുന്നു. മറ്റൊരു മകൾ അച്ചു ഉമ്മനും ചികിത്സ വേളയിൽ ബെർലിനിൽ എത്തിയിരുന്നു.

ജർമനിയിലെ യൂണിവേഴ്‌സിറ്റി ആശുപത്രികൾക്കു മാതൃകയായ സ്ഥാപനം എന്ന പെരുമ കൂടിയുള്ള ചാരിറ്റി ക്ലിനിക്കിന് 312 വർഷത്തെ പ്രവർത്തന പാരമ്പര്യവുമുണ്ട്. 3,011 കിടക്കകളുള്ള ക്ലിനിക്കിൽ 11 നൊബേൽ സമ്മാന ജേതാക്കൾ ഗവേഷകരായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ആശുപത്രയിൽ നിന്നും ലേസർ ചികിത്സ നൽകിയതിന് ശേഷമാണ് ഉമ്മൻ ചാണ്ടിക്ക് ബംഗളുരുവിൽ തുടർചികിത്സ നിർദ്ദേശിച്ചത്. ഇതാണ് ഇപ്പോൾ വൈകുന്നതും. കോൺഗ്രസ് നേതാക്കൾ അടക്കം ഉമ്മൻ ചാണ്ടിക്ക് എത്രയും വേഗം തുടർ ചികിത്സ ലഭ്യമാക്കണം എന്ന പക്ഷക്കാരാനാണ്. മുൻ മുഖ്യമന്ത്രിയുടെ വിദേശ ചികിത്സയുടെ ചെലവ് വഹിച്ചതും കെപിസിസിയാണ്.

Back to top button
error: