ഓട്ടോ ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില നിർദ്ദേശങ്ങളുമായി പോലീസ്. കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഓട്ടോ ചേട്ടന്മാരെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെ പോലീസ് നൽകുന്ന നിർദ്ദേശങ്ങളും ഉപദേശങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടാറുണ്ട്. അതുപോലെ തന്നെ പൊതുജനം അവയെല്ലാം ഏറ്റെടുക്കാറുമുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഓർക്കുക മൂന്ന് വീലിൽ ഓടുന്നതിനാൽ പെട്ടെന്ന് തിരിക്കാവുന്ന വാഹനമാണ് ഓട്ടോറിക്ഷ. എന്നാൽ അതേ പോലെ തന്നെ പെട്ടെന്ന് മറിയാനിടയുള്ള വാഹനവുമാണ്. കൂടാതെ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ടു വലത്തേക്ക് തിരിയുക, നടുറോഡിൽ പെട്ടെന്ന് നിർത്തുക, ഇൻഡിക്കേറ്റർ ഇടാതെ, സിഗ്നൽ നൽകാതെ, പുറകിൽ നിന്ന് വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ പെട്ടെന്ന് വെട്ടിത്തിരിച്ച് അപ്രതീക്ഷിത യു-ടേൺ എടുക്കുക തുടങ്ങിയവ കൂടുതൽ അപകടങ്ങൾ സൃഷ്ടിക്കുന്നു . ദയവായി ഇൻഡിക്കേറ്ററുകൾക്കനുസരിച്ചു മാത്രം വാഹനം തിരിക്കുക. വാഹനം നിർത്തുന്നതിനു മുൻപ് റോഡിലെ മറ്റു വാഹനങ്ങൾക്ക് സിഗ്നൽ നൽകുക. യു ടേൺ എടുക്കുന്നതിന് മുൻപ് ഇൻഡിക്കേറ്റർ ഇട്ട് റോഡിൽ ഇടതുവശം ചേർന്ന് നിന്ന ശേഷം വണ്ടി വലത്തോട്ട് തിരിയാൻ പോകുകയാണ് എന്ന സിഗ്നൽ കാണിച്ച് പുറകിൽ നിന്ന് വാഹനങ്ങൾ വരുന്നില്ല എന്ന് ഉറപ്പുവരുത്തി മാത്രം യു ടേൺ എടുക്കുക.