തിരുവനന്തപുരം: ശ്രീനാരായണീയ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ചു പ്രവേശിക്കാമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് യോഗത്തിൽ തീരുമാനം. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗം ഇക്കാര്യത്തിൽ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. ക്ഷേത്രഭാരവാഹികളും വൈദികന്മാരും ശിവഗിരി മഠത്തിന്റെ തീരുമാനം നടപ്പാക്കണമെന്ന് മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അറിയിച്ചു.
ശിവഗിരിയിലെ അവസാന മഠാധിപതിയും ഗുരുശിഷ്യനുമായ സ്വാമി ശങ്കരാനന്ദ ഗുരു പ്രസ്ഥാനത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ഷർട്ടിട്ട് പ്രവേശനം അനുവദിച്ച് മാതൃക കാട്ടിയിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ കാലോചിതമായ പരിഷ്കാരങ്ങൾ ഗുരുദേവൻ വരുത്തിയിരുന്നു. അതിന്റെ പിന്തുടർച്ചയെന്ന നിലയിലാണ്, ക്ഷേത്രങ്ങളിൽ ഷർട്ടിട്ടു പ്രവേശിക്കാമെന്ന തീരുമാനം. ഗുരുവും ശിഷ്യപരമ്പരയും നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ തന്ത്രാവകാശം തലസ്ഥാനമായ ശിവഗിരി മഠത്തിൽ നിക്ഷിപ്തമാണെന്നും ഈ ക്ഷേത്രങ്ങൾ അതു പ്രകാരമുള്ള ആചാരാനുഷ്ഠാനങ്ങൾ ശിവഗിരി മഠവുമായി ബന്ധപ്പെട്ട് നടത്തണമെന്നും സന്യാസി സംഘം തീരുമാനമെടുത്തു. ഹൈന്ദവ ക്ഷേത്രങ്ങളിൽ, പ്രത്യേകിച്ചും കേരളത്തിലെ ക്ഷേത്രങ്ങളിൽ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുരുഷൻമാർ ഷർട്ട് ധരിക്കരുത് എന്നതിനു പുറമേ, ചില ക്ഷേത്രങ്ങളിൽ ജീൻസിനും ചുരിദാറിനും വിലക്കുണ്ട്.