ജോഷി- മമ്മൂട്ടി- ഡെന്നീസ് ജോസഫ് ടീമിന്റെ ‘ശ്യാമ’ തീയേറ്ററുകളിലെത്തിയത് 1986 ജനുവരി 23 ന്
സിനിമ ഓർമ്മ
ജോഷി- ഡെന്നീസ് ജോസഫ്- മമ്മൂട്ടി ടീമിന്റെ ‘ശ്യാമ’യ്ക്ക് 37 വയസ്സ്. 1986 ജനുവരി 23 ന് റിലീസ് ചെയ്‌ത ചിത്രത്തിൽ നാദിയ മൊയ്‌തുവാണ് ടൈറ്റിൽ റോളിൽ അഭിനയിച്ചത്. ജിതേന്ദ്ര- ഹേമമാലിനി എന്നിവർ അഭിനയിച്ച, ഗുൽസാർ നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘കിനാര’ എന്ന ഹിന്ദി ചിത്രമായിരുന്നു ‘ശ്യാമ’യ്ക്ക് പ്രചോദനം.
ജോഷിയുടെ ആ രാത്രി, സന്ദർഭം, നിറക്കൂട്ട് തുടങ്ങിയ ഹിറ്റുകൾ നിർമ്മിച്ച ജൂബിലി ജോയ് തോമസ് ആണ് നിർമ്മാണം. ‘ശ്യാമ’യ്ക്ക് ശേഷം വന്ന ഈ ടീമിന്റെ ‘ന്യൂഡൽഹി’ സർവകാല ഹിറ്റാണ്.
തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് രണ്ടര ദിവസം കൊണ്ട് എഴുതിയ രചന എന്ന നിലയിൽ ‘ശ്യാമ’ വാർത്താ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു.
‘ശ്യാമ’ റിലീസ് ചെയ്‌ത 1986 ൽ ഡെന്നീസിന്റെതായി 7 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയത്. കാമുകൻ ആക്സിഡന്റിൽ പെട്ട് മരിച്ചതിന്റെ ഉത്തരവാദിയായ പുരുഷനുമായി പിന്നീട് പ്രണയത്തിലാവുന്ന പെൺകുട്ടിയാണ് ശ്യാമ.
ജോഷിയുടെ ‘ധീര ‘എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും പ്രശസ്‌ത സംഗീത സംവിധായകനുമായിരുന്ന രഘുകുമാർ ഈണം പകർന്ന, ‘ചെമ്പരത്തിപ്പൂവേ ചൊല്ല്,’ ‘പൂങ്കാറ്റേ പോയി ചൊല്ലാമോ,’ ‘ഏകാന്തമാം ഈ ഭൂമിയിൽ’ എന്നീ ഗാനങ്ങൾ ഇന്നും മലയാളികളുടെ ചുണ്ടിലുണ്ട്. തമിഴിൽ ‘ഉനക്കാഗവേ വാഴ് ഗിറേൻ’ എന്ന പേരിൽ ശ്യാമ റീമെയ്‌ക് ചെയ്‌തു.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ