തിരുവനന്തപുരം: പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ പ്രതിയായ ഗുണ്ടാനേതാവ് ഓം പ്രകാശിൻെറ വീട്ടിൽ പൊലിസ് റെയ്ഡ്. കവടിയാറുള്ള ഫ്ലാറ്റിൻെറ വാതിൽ തകർത്താണ് പൊലീസ് പരിശോധന നടത്തിയത്. പാറ്റൂർ ആക്രണത്തിൽ ഓം പ്രകാശിൻെറ പങ്ക് വ്യക്തമായി ദിവസങ്ങള്‍ക്ക് ശേഷമാണ് വീട്ടിൽ പരിശോധന നടത്താൻ പൊലീസ് തയ്യാറായത്. ഓം പ്രകാശിന്റെ ഡ്രൈവർ ഇബ്രാഹിം റാവുത്തർ, സൽമാൻ എന്നീ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെയും തെളിവെടുപ്പിന് എത്തിച്ചിരുന്നു. മൂന്ന് എടിഎം കാർഡുകള്‍ പൊലീസിന് ഫ്ലാറ്റിൽ നിന്നും ലഭിച്ചു. പാറ്റൂർ അക്രണത്തിന് ശേഷം കവടിയാറുള്ള ഫ്ലാറ്റിലെ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം ഉപേക്ഷിച്ച ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്.
അതിനിടെ, പാറ്റൂർ ആക്രമക്കേസിലെ മുഖ്യപ്രതി ഓം പ്രകാശിൻറെ സഹായികളായ ഗുണ്ടകൾ കോടതിയിൽ കീഴടങ്ങി. അന്വേഷണം ശക്തമാണെന്ന് ആവർത്തിക്കുന്ന പൊലീസിൻറെ കണ്ണ് വെട്ടിച്ചാണ് നാലു ഗുണ്ടകൾ തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്. ഓം പ്രകാശ് അടക്കമുള്ള പാറ്റൂർ കേസിലെ പ്രതികൾ ഒളിവിലാണെന്നും അന്വേഷണം സംസ്ഥാനത്തും പുറത്തും ശക്തമാക്കിയെന്നുമാണ് പൊലീസ് എല്ലാ ദിവസവും ആവർത്തിച്ചുകൊണ്ടിരുന്നത്. ഗുണ്ടകൾ ഊട്ടിയിൽ ഒളിച്ചുകഴിയുകയാണെന്ന് വരെ പറയുന്നതിനിടെയാണ് നാലു പ്രതികൾ രാവിലെ വഞ്ചിയൂർ കോടതിയിലെത്തി കീഴടങ്ങിയത്. ആസിഫ്, ആരിഫ്, ജോമോൻ, രജ്ഞിത്ത് എന്നീ ഗുണ്ടകളാണ് കീഴടങ്ങിയത്.
ഒളിവിലിരിക്കെ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥയുടേയും സിപിഐ നേതാവിൻെറയും ബന്ധുവിനെയും നിരന്തരമായി ആരിഫ് വിളിച്ചിരുന്നു. ഇന്നലെ പ്രതികൾ നൽകിയ മുൻ കൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എതിർ ചേരിയിലുള്ളവർ ഉള്ളതിനാൽ ജില്ലാ ജയിലിലേക്ക് അയക്കരുതെന്നും ജീവന് ഭീഷണിയുണ്ടെന്നും കോടതിയിൽ പ്രതികളുടെ അഭിഭാഷകർ ആവശ്യപ്പെട്ടു. പക്ഷെ റിമാൻഡ് ചെയ്ത ഗുണ്ടകളെ ജില്ലാ ജയിലേക്കു തന്നെയാണ് മാറ്റിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും.
പ്രതികൾ തലസ്ഥാനത്തെ സുഹൃത്തുക്കളെ നിരന്തരമായി വിളിക്കുന്ന വിവരം ലഭിച്ച പേട്ട പൊലീസ് തിങ്കളാഴ്ച രാത്രി ഈ വീടുകള്‍ റെയ്ഡ് ചെയ്യാൻ തയ്യാറെടുത്തിരുന്നു. ഇതിനിടെയായിരുന്നു പേട്ട ഇൻസ്പെക്ടറായിരുന്ന റിയാസ് രാജയെ സസ്പെൻഡ് ചെയ്തത്. ഗുണ്ടകളുമായി നേരത്തെയുണ്ടായിരുന്ന ബന്ധത്തിൻറെ പേരിലാണ് നടപടിയെന്നാണ് വിശദീകരണമെങ്കിലും ഓം പ്രകാശിൻറെ സംഘത്തിന് തലസ്ഥാനത്തെ ഉന്നതരുമായുള്ള ബന്ധം അറിഞ്ഞതിന്റെ പേരിലാണ് നടപടിയെന്നും സേനയിൽ സംസാരമുണ്ട്.