കോട്ടയം: നഗരസഭാ 38-ാം വാർഡ് കൗൺസിലർ ജിഷാ ഡെന്നി (45) അന്തരിച്ചു. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. ആദ്യ തവണ കൗൺസിലറായിരുന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്, തുടർന്ന് കഴിഞ്ഞ ടേമിൽ മത്സരരംഗത്തുണ്ടായിരുന്നില്ല. അസുഖം ഭേദമായതോടെ ഇത്തവണ മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. എന്നാൽ പിന്നീടും രോഗബാധയുണ്ടായതോടെ ചികിത്സയിലായിരുന്ന ജിഷ ഇന്നലെ വൈകിട്ട് 8.45 നാണ് അന്തരിച്ചത്. മൃതദേഹം മോർച്ചറിയിൽ.
ചിങ്ങവനം തെക്കെ മഠത്തിൽ ഡെന്നി കുര്യാക്കോസിന്റെ ഭാര്യയാണ്. സംസ്ക്കാരം ഞായറാഴ്ച 4ന് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ പുത്തൻപള്ളിയിൽ. പരേത മാരാരിക്കുളം വെളിപ്പറമ്പിൽ പരേതനായ ലൂക്കോസിന്റെയും ലില്ലിക്കുട്ടിയുടെയും മകളാണ്. മക്കൾ: കുര്യാക്കോസ്, ലൂക്കോസ്, സെബാൻ. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം നഗരസഭയിൽ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും.