CrimeNEWS

നയനയുടെ ദുരൂഹമരണം: പ്രാഥമികാന്വേഷണത്തില്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; വിശദമായ അന്വേഷണം വേണമെന്നു നിർദേശം 

തിരുവനന്തപുരം: സംവിധായിക നയനയുടെ ദുരൂഹ മരണത്തിൽ ആദ്യം നടന്ന പൊലീസ് പ്രാഥമികാന്വേഷണത്തില്‍ വീഴ്ചയെന്ന് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും നിര്‍ദ്ദേശം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു. ഫൊറൻസിക് റിപ്പോർട്ടില്‍ സംശയിക്കുന്ന രീതിയില്‍ നയന സ്വയം പരിക്കേൽപ്പിച്ചുവെന്നത് സ്ഥിരീകരിക്കാനാവില്ലെന്നാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട് പറയുന്നത്.

പുറമെനിന്ന് ആരെങ്കിലും വീടിനുള്ളില്‍ കയറിയിരുന്നെങ്കില്‍ അയാള്‍ക്ക് ബാൽക്കണി വാതിൽ വഴി രക്ഷപ്പെടാനാവും. മുൻവാതിൽ അടച്ചിരുന്നതിനാലാണ് ആരുടെയും സാന്നിധ്യമില്ലായിരുന്നെന്ന ആദ്യനിഗമനമുണ്ടായത്. എന്നാല്‍ ആദ്യ അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. മൊഴിയിലെ വൈരുധ്യങ്ങൾ പ്രാഥമിക അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Signature-ad

നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകൾ കൂടിയത്. ഇതേതുടർന്നാണ് ഡിസിആർബി അസിഷണര്‍ കമ്മിഷണർ തുടരന്വേഷണ സാധ്യത പരിശോധിച്ചത്. നയനയുടേത് കൊലപാതകമല്ലെന്നും നയനയ്ക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്റെ നിരീക്ഷണം. ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്റെ വിലയിരുത്തൽ. എന്നാല്‍ കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങൾക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തത വരുത്തുന്ന രീതിയിൽ കണ്ടെത്തലുണ്ടായില്ല. നിർണായകമായ പല വിവരങ്ങളും മ്യൂസിയം പൊലീസ് ശേഖരിച്ചിട്ടില്ല. തെളിയപ്പെടാത്ത കേസായി നയനയുടെ മരണം സംബന്ധിച്ച റിപ്പോർട്ട് നൽകിയെന്നും പുതിയ സംഘം വിലയിരുത്തി.

2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കൾ നയനയെ അബോധാവസ്ഥയിൽ ആൽത്തറയിലുള്ള വാടക വീട്ടിനുള്ളിൽ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകൾ തുറന്നാണ് അകത്തു കയറിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിത്തുറന്നുവെന്നാണ് മൊഴി. അകത്തുനിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തിൽ ആദ്യ അന്വേഷണത്തിൽ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ചാണ് വീട്ടിന്റെ വാതിൽ തുറന്നത്. അതേസമയം, നയന ഉപയോഗിച്ചിരുന്ന താക്കോൽ എവിടെയെന്ന് പ്രഥമവിവരാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. 22ന് രാത്രി അമ്മയുമായി നയന അരമണിക്കൂർ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം മറ്റാരെയും ഫോൺ വിളിച്ചിട്ടുമില്ല. തുടക്കം മുതൽ ശാസ്ത്രീയമായ അന്വേഷണം വേണം. ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നും പുതിയ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

Back to top button
error: