IndiaNEWS

ഉത്തരാഖണ്ഡില്‍ നാലായിരത്തിലേറെ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കം തടഞ്ഞു; അര ലക്ഷം പേരെ ഒറ്റ രാത്രികൊണ്ട് കുടിയൊഴിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നാലായിരത്തിലേറെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം തടഞ്ഞ് സുപ്രീം കോടതി. ഹല്‍ദ്വാനി റെയില്‍വേ സ്‌റ്റേഷനടുത്തുള്ള സ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയാണ് തടഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ ഹല്‍ദ്വാനിയിലെ കോണ്‍ഗ്രസ് എം.എല്‍.എയായ സുമിത് ഹൃദയേഷിന്റെ നേതൃത്വത്തിലാണ് കോളനി നിവാസികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസുമാരായ എസ്.എ നസീറും പി.എസ്. നരസിംഹയും ചേര്‍ന്ന ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്. ‘ഒരൊറ്റ രാത്രികൊണ്ട് 50000 പേരോട് ഒഴിഞ്ഞുപോകാന്‍ പറയുന്നത് നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമല്ല. ഇതൊരു മാനുഷിക പ്രശ്‌നമാണ്. പ്രായോഗികമായ എന്തെങ്കിലും പരിഹാരങ്ങള്‍ കണ്ടെത്തിയേ തീരു,’ -സുപ്രീം കോടതി പറഞ്ഞു.

ഡിസംബര്‍ 20നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി വന്നത്. കയ്യേറ്റം നടത്തിയവര്‍ക്ക് ഒരാഴ്ചത്തെ നോട്ടീസ് നല്‍കിയ ശേഷം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നായിരുന്നു റെയില്‍വേയോടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും കോടതി നിര്‍ദേശിച്ചത്. കയ്യേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ബലമായി തന്നെ ഭൂമി തിരിച്ചുപിടിക്കണമെന്നും അതിനായി ആവശ്യമെങ്കില്‍ പൊലീസിനെയും അര്‍ധസൈനികരെയും ഉപയോഗിക്കാമെന്നും കോടതി പറഞ്ഞു. ഇതിനായി ചെലവാകുന്ന തുക കയ്യേറ്റക്കാരില്‍ നിന്നും പിഴയായി ഈടാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ബലമായി ഒഴിപ്പിക്കാനുള്ള ഈ നിര്‍ദേശത്തിനെതിരെയും സുപ്രീം കോടതി രംഗത്തെത്തി. ‘ദശാബ്ദങ്ങളായി ഒരിടത്ത് താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കാനായി പാരാമിലിട്ടറി ഫോഴ്‌സിനെ ഉപയോഗിക്കാമെന്നത് ശരിയായ നടപടിയല്ല,’ – സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Signature-ad

അതേസമയം, പ്രദേശത്ത് പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. റെയില്‍വേയും ഉത്തരാഖണ്ഡ് സര്‍ക്കാരും വിഷയത്തില്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത മാസം വീണ്ടും കേസ് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Back to top button
error: