കാക്കനാട്: ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പ്രവാസികൾ, സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവരിൽനിന്ന് കോടികൾ തട്ടിയെടുത്ത ദമ്പതിമാർ ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ പിടിയിലായി. തൃക്കാക്കര ’മാസ്റ്റേഴ്‌സ് ഗ്രൂപ്പ്’ ഉടമ കാക്കനാട് വാഴക്കാല സ്വദേശി എബിൻ വർഗീസും കമ്പനി ഡയറക്ടറായ ഭാര്യ ശ്രീരഞ്ജിനിയുമാണ് പിടിയിലായത്. ദുബായിയിൽനിന്ന് ചൊവ്വാഴ്ച രാത്രി ഡൽഹി വഴി നാട്ടിലേക്ക് വരുമ്പോഴാണ് ഇവർ പിടിയിലായത്.
ഇവർക്കെതിരേ നേരത്തേ കൊച്ചി സിറ്റി പോലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞതോടെ വിമാനത്താവള അധികൃതർ കസ്റ്റഡിയിലെടുത്ത് പോലീസിൽ അറിയിക്കുകയായിരുന്നു. ഇവരെ നാട്ടിലെത്തിക്കുന്നതിനായി തൃക്കാക്കര പോലീസ് സ്റ്റേഷനിൽനിന്ന് എസ്.ഐ. ഉൾപ്പെടെ മൂന്നംഗ സംഘം ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സ്റ്റേഷനിലെത്തിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി. ബേബി പറഞ്ഞു.
തൃക്കാക്കരയിലെ മാസ്റ്റേഴ്‌സ് ഫിൻകോർപ്പ്, മാസ്റ്റേഴ്‌സ് ഫിൻ സെർവ്, മാസ്റ്റേഴ്‌സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു ഓഹരി നിക്ഷേപ തട്ടിപ്പ്. സ്റ്റോക് മാർക്കറ്റ് ഇടനിലക്കാരനായി രണ്ട് ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെ നിക്ഷേപകരിൽനിന്നു വാങ്ങി. 2014-ൽ തുടങ്ങിയ സ്ഥാപനം 2022 മാർച്ച് വരെ ഓഹരിയിൽ റിട്ടേണുകൾ നൽകി. തുടർന്ന് മുടങ്ങി. നവംബർ അവസാനം നടത്തിപ്പുകാർ മുങ്ങി. നിക്ഷേപകരുടെ പരാതിയെ തുടർന്ന് ദമ്പതിമാർക്കെതിരേ കേസെടുത്തു. തൃക്കാക്കര പോലീസ് നടത്തിയ അന്വേഷണത്തിൽ 30 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പ്രതികൾ രാജ്യം വിട്ടതോടെ കൂടുതൽ പരാതിക്കാർ രംഗത്തെത്തി.