വിവാദങ്ങളുടെയും പാർട്ടിക്കുള്ളിലെ വിമർശനങ്ങളുടെയും പശ്ചാത്തലത്തിൽ അനാവൂർ നാഗപ്പനെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുന്നു. സംസ്ഥാന സമിതി അംഗം വി.ജോയി എം.എൽ.എ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിലാണ് നിർണായകമായ ഈ തീരുമാനമെടുത്തത്. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനുള്ള ഔപചാരിക ജില്ലാ കമ്മിറ്റി യോഗം ഇന്നു ചേരും.
പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതിനെ തുടർന്നാണ് എന്നാണ് പാർട്ടി ഭാഷ്യം. പക്ഷേ മേയറുടെ കത്ത് വിവാദവും, യുവജന സംഘടനകളിലെ നേതാക്കളുടെ അതിരുവിട്ട പ്രവർത്തനങ്ങളുമെല്ലാം വിമർശന വിധേയമായ സാഹചര്യത്തിൽ അനാവൂർ നാഗപ്പനെതിരെ പാർട്ടിയിൽ നീക്കം ശക്തമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും ജില്ലാ നേതൃത്വത്തിനെതിരെ അതൃപ്തി വ്യക്തമാക്കിയിരുന്നു. സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ആനാവൂർ നാഗപ്പൻ തയാറായത്.
കുറേ നാളുകളായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പല പേരുകളും ചർച്ച ചെയ്തെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. വി.ജോയി കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്. ഒടുവിലാണ് താരതമ്യേന ജൂനിയറായ വി.ജോയിയെ ജില്ലാ സെക്രട്ടറിയായി പരിഗണിച്ചത്.