കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയെ ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സ്വദേശി അശ്വിൻ വി മേനോനാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ സ്ത്രീയിൽ നിന്ന് ഒമ്പതര ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. കളളനോട്ട് കേസടക്കം മറ്റു നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. ഇൻസ്റ്റഗ്രാം വഴി പരിചയം സ്ഥാപിക്കുക, വിവാഹ വാഗ്ദാനം നൽകി പണം തട്ടുക, എതിർക്കുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തുക നിരവധി പരാതികളാണ് ബേപ്പൂർ സ്വദേശി അശ്വിൻ വി മേനോനെതിരെ കഴിഞ്ഞ ഒരു വർഷത്തിനിടെ പൊലീസിന് കിട്ടിയത്. പരാതികളെല്ലാം വിദേശത്ത് നിന്ന് ഇ മെയിലിൽ കിട്ടിയതായതിനാൽ കേസ് എടുത്ത് അന്വേഷണം നടത്താൻ പൊലീസിന് കഴിയാതെ വന്നു.
ഇതിനിടെയാണ് വിവാഹ വാഗ്ദാനം നൽകി തൻറെ പക്കൽ നിന്ന് 9.50 ലക്ഷം രൂപ തട്ടിയെന്ന പരാതിയുമായി കോട്ടയം സ്വദേശി പൊലീസിനെ സമീപിച്ചത്. തുടർന്ന് പൊലീസ് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. 2020ൽ പത്തനംതിട്ട സ്വദേശിയെയും 2021ൽ ന്യൂസിലാൻഡിൽ താമസമാക്കിയ മറ്റൊരു സ്ത്രീയെയും ഇയാൾ സമാനമായ രീതിയിൽ കബളിപ്പിച്ചിരുന്നു. വിവാഹ മോചിതരോ പ്രായമായിട്ടും വിവാഹം കഴിക്കാത്തവരോ ആയ സ്ത്രീകളെ അതും ഉയർന്ന സാമ്പത്തിക ശേഷിയുളളവരെ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്.
പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോൾ കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാറിലായിരുന്നു ഇയാൾ സ്റ്റേഷനിലെത്തിയത്. ഇവരിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപ ഇയാൾ കൈക്കലാക്കിയതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഫിനാൻഷ്യൽ കൺസൾട്ടൻറ് എന്ന പേരിലും സ്റ്റോക്ക് മാർക്കറ്റ് ട്രെയിനർ എന്ന പേരിലുമെല്ലാമാണ് ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ സ്വയം പരിചയപ്പെടുത്തിയരുന്നത്. എന്നാൽ ഇതെല്ലാം തട്ടിപ്പിന് കളമൊരുക്കാനായി നൽകിയ വ്യാജ വിവരങ്ങളാണെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ അശിൻ മേനോനെ റിമാൻഡ് ചെയ്തു.