മുംബൈ: രണ്ടുമാസത്തിലേറെയായി രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നിട്ടും ഇന്ത്യയിലെ ഇന്ധനവിലയില്‍ യാതൊരു മാറ്റവും വരുത്താന്‍ തയാറാകാതെ എണ്ണക്കമ്പനികള്‍. ക്രൂഡോയില്‍വിലയില്‍ വലിയ കുറവുണ്ടായിട്ടും അതിനനുസരിച്ച് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ കമ്പനികള്‍ തയാറായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും മൗനം തുടരുകയാണ്.
നവംബറില്‍ ക്രൂഡോയില്‍ ബാരലിന് 76 ഡോളറിലേക്കു താഴ്ന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ എട്ടു രൂപ വരെ കുറഞ്ഞേക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ക്രൂഡോയില്‍വില വര്ധിച്ചതുമൂലമുണ്ടായ നഷ്ടം നികത്താന്‍ എന്ന വാദമുന്നയിച്ച് കമ്പനികള്‍ വില കുറച്ചില്ല. നിലവില്‍ ക്രൂഡോയില്‍ വില ബാരലിന് 83 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ഈ സാഹചര്യത്തില്‍പ്പോലും രാജ്യത്തെ ഇന്ധനവിലയില്‍ കുറവു വരുത്തിയാല്‍ കമ്പനികള്‍ക്കു നഷ്ടമുണ്ടാകില്ലെന്നാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളിൽ നിൽക്കുമ്പോഴുള്ള നിരക്കാണ് ഇപ്പോഴും ഇന്ധനത്തിന് ഈടാക്കുന്നത്. നവംബര്‍ ഏഴ് മുതല്‍ ഡിസംബർ രണ്ടാംവാരം വരെ അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പെട്രോളിനും ഡീസലിനും വില കുറയുമെന്ന പ്രചാരണം ഉണ്ടായത്. അസംസ്കൃത ഓയിൽ വില ഉയര്‍ന്നപ്പോൾ ഈടാക്കിയ നിരക്ക് തന്നെയാണ് ഇന്ത്യയില്‍ ഇപ്പോഴും നില്‍ക്കുന്നത്. വലിയ ലാഭമാണ് ഇതുവഴി എണ്ണക്കമ്പനികള്‍ കൊയ്യുന്നത്. പൊതുമേഖല എണ്ണക്കമ്പനികളെക്കാൾ ഉപരി വിപണിയുടെ 30 ശതമാനം വരെ കൈയടക്കിയ റിലയൻസ് അടക്കമുള്ള സ്വകാര്യ കമ്പനികൾക്കാണ് ലാഭത്തിന്റെ വലിയ പങ്കും ലഭിക്കുക. പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയരത്തില്‍ എത്തിയശേഷം കുറവ് വരുത്തിയത് കഴിഞ്ഞ മേയിലാണ്. പെട്രോളിന് എട്ടുരൂപയും ഡീസലിന് ആറുരൂപയും അന്ന് കുറച്ചു. എക്സൈസ് ഡ്യൂട്ടിയില്‍ വരുത്തിയ മാറ്റമാണ് വില കുറയാന്‍ ഇടയാക്കിയത്.