IndiaNEWS

ഇന്ത്യയിൽ ജീവിക്കാനാകില്ല, വിദേശത്തു താമസമുറപ്പിക്കാൻ  മക്കൾക്ക്‌ ഉപദേശം… ആർജെഡി നേതാവിന്റെ പരാമർശം വിവാദത്തിൽ

പട്‌ന: ഇന്ത്യയിലെ സാഹചര്യങ്ങള്‍ മോശമാണെന്നും ഇവിടെ ജീവിക്കാതെ വിദേശത്ത് ജോലിയും പൗരത്വവും നേടാന്‍ തന്റെ മക്കളെ ഉപദേശിച്ചെന്നുമുള്ള ബിഹാറിലെ ആര്‍.ജെ.ഡി നേതാവിന്റെ പരാമർശം വിവാദത്തിൽ. മുതിര്‍ന്ന നേതാവും ആര്‍.ജെ.ഡിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ ബാരി സിദ്ദിഖിയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും വിവേചനങ്ങളെയും കുറിച്ച് സംസാരിക്കവെയായിരുന്നു പരാമര്‍ശം.

ഇന്ത്യയിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാന്‍ വ്യക്തിപരമായ ഒരു ഉദാഹരണം ഉദ്ധരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഹാര്‍വാര്‍ഡില്‍ പഠിക്കുന്ന ഒരു മകനും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദം നേടിയ ഒരു മകളുമുണ്ട്. അവരോട് വിദേശത്ത് തന്നെ ജോലി ചെയ്യാനും കഴിയുമെങ്കില്‍ അവിടെത്തന്നെ പൗരത്വം നേടാനും ഞാന്‍ ആവശ്യപ്പെട്ടു. കാരണം ഇന്ത്യയിലെ അന്തരീക്ഷം അത്തരത്തിലുള്ളതാണ്. അവര്‍ക്ക് ഇവിടത്തെ സാഹചര്യം താങ്ങാന്‍ കഴിയുമോ എന്നറിയില്ല. ഞാന്‍ ഇപ്പോഴും ഇവിടെ ഇന്ത്യയില്‍ തന്നെയാണല്ലോ ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് എന്റെ മക്കള്‍ പ്രതികരിച്ചപ്പോള്‍ ഞാനവരോട് പറഞ്ഞത് ഇന്ത്യയിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് നേരിടാന്‍ കഴിയില്ലെന്നാണ്- എന്ന അബ്ദുല്‍ ബാരി സിദ്ദിഖിയുടെ പരാമർശമാണ് വിവാദമായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ സിദ്ദിഖിയെ വിമർശിച്ചു ബി ജെ പി രംഗത്തെത്തി.

Signature-ad

”സിദ്ദിഖിയുടെ പരാമര്‍ശം ഇന്ത്യാ വിരുദ്ധമാണെന്ന് ബി ജെ പി ആരോപിച്ചു. “അദ്ദേഹത്തിന് അത്രയും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍, ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഇവിടെ അനുഭവിക്കുന്ന പദവികള്‍ ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് പൊയ്‌ക്കോളൂ. ആരും അദ്ദേഹത്തെ തടയില്ല. ആര്‍.ജെ.ഡിയുടെ തലവന്‍ ലാലു പ്രസാദ് യാദവിന്റെ ഏറ്റവുമടുത്ത അനുയായിയാണ് സിദ്ദിഖി. മുസ്‌ലിങ്ങളെ പ്രീണിപ്പിക്കുന്ന ആര്‍.ജെ.ഡി സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് അദ്ദേഹത്തിന്റെ വാക്കുകളും” – ബി.ജെ.പി വക്താവ് നിഖില്‍ ആനന്ദ് പ്രതികരിച്ചു.

 

Back to top button
error: