തിരുവനന്തപുരം: സംസ്ഥാനത്ത് പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളുടെ എണ്ണമേറുന്നു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ആളുകളുടെ ആശങ്ക കൂട്ടി പല പഞ്ചായത്തുകളും പരിസ്ഥിതിലോല മേഖലയിൽ ഇടംപിടിച്ചത്. സർക്കാർ പ്രസിദ്ധീകരിച്ച ഭൂപട പ്രകാരം വയനാട്, കോഴിക്കോട് ജില്ലകളിലെ ഏഴു പഞ്ചായത്തുകൾ ബഫർ സോൺ പരിധിയിൽ വരും. ഇടുക്കി ജില്ലയിൽ 15ലേറെ പഞ്ചായത്തുകളും പരിസ്ഥിതി ലോല മേഖലയിൽപ്പെടും. സംസ്ഥാനത്തെ 87 ഗ്രാമപഞ്ചായത്തുകളിലൂടെയാണ് സർക്കാർ പുറത്തുവിട്ട ഭൂപടം കടന്നു പോകുന്നത്. ഓരോ വില്ലേജിലെയും ബ്ലോക്ക്, പ്ലോട്ട് അനുസരിച്ച് വിശദാംശങ്ങളും ഭൂപടത്തിൽ ലഭ്യമാണ്.
ആറളം വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേളകം, കൊട്ടിയൂർ, തിരുനെല്ലി പഞ്ചായത്തുകളും പേരാവൂർ, മാനന്തവാടി ബ്ലോക്കും മാപ്പിൽ ഉൾപ്പെടുന്നു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ കൊട്ടിയൂർ, തവിഞ്ഞാൽ, തിരുനെല്ലി പഞ്ചായത്തുകളും ഉൾപ്പെടുന്നു. വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി മാനന്തവാടി, സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റികൾ, മീനങ്ങാടി, മുള്ളൻകൊല്ലി, നെന്മേനി, നൂൽപ്പുഴ, പൂത്താടി, പുൽപ്പള്ളി, തിരുനെല്ലി പഞ്ചായത്തുകളും ഉൾപ്പെടുന്നു. മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കട്ടിപ്പാറ, കൂത്താളി, കൂരാച്ചുണ്ട്, മരുതോംകര, പുതുപ്പാടി, പൊഴുതന, തരിയോട് പഞ്ചായത്തുകൾ ഉൾപ്പെടുന്നു. കരിംപുഴ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി അമരംബലം, ചോക്കാട്, കരുളായി, വഴിക്കടവ് പഞ്ചായത്തുകളും സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ഭാഗമായി ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, അഗളി, അലനല്ലൂർ, കുമരംപുത്തൂർ, പുത്തൂർ പഞ്ചായത്തുകളും മണ്ണാർക്കാട് നഗരസഭയും ഉൾപ്പെടുന്നു. ചോളന്നൂർ മയിൽ സംരക്ഷണ കേന്ദ്രത്തിന്റെ ഭാഗമായി കുതനൂർ, പെരിങ്ങോട്ടുകുറിശ്ശി, തിരുവില്വാമല പഞ്ചായത്തുകളും ഉൾപ്പെടുന്നു.
പാമ്പാടും ചോല നാഷൽ പാർക്കുമായി ബന്ധപ്പെട്ട് മൂന്നാർ, വട്ടവട പഞ്ചായത്തുകളും, മതികെട്ടാൻചോല നാഷണൽ പാർക്കിൽപ്പെട്ട ചിന്നക്കനാൽ, ശാന്തംപാറ പഞ്ചായത്തുകളും മംഗളവനം പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട് മുളവുകാട് പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ, ഇടുക്കി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് അറക്കുളം, ഏലപ്പാറ, ഇടുക്കി-കഞ്ഞിക്കുഴി, കാമാക്ഷി, കാഞ്ചിയാർ, മരിയാപുരം, ഉപ്പുതറ, വാത്തിക്കുടി പഞ്ചായത്തുകളും ഉൾപ്പെടുന്നു. പെരിയാർ ടൈഗർ റിസർവ് മേഖലയിൽ കുമളി, പെരുവന്താനം, വണ്ടിപ്പെരിയാർ, എരുമേലി, കോരുത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളും, ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ഭാഗമായി ആര്യങ്കാവ്, കുളത്തൂപ്പുഴ, തെന്മല പഞ്ചായത്തുകളും നെയ്യാർ-പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി അമ്പൂരി, ആര്യനാട്, കള്ളിക്കാട്, കുറ്റിച്ചൽ, വിതുര പഞ്ചായത്തുകളും പുതിയ ഭൂപടം പ്രകാരം പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നു.