പേപ്പർ കപ്പിന് അഞ്ച് രൂപ ഈടാക്കിയതുമായി ബന്ധപ്പെട്ട് ഒരു കഫേയോട് 22,000 രൂപ പിഴയൊടുക്കാൻ ചണ്ഡിഗഢിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ബാരിസ്റ്റ കോഫി കമ്പനി ലിമിറ്റഡിന്റെ ചണ്ഡിഗഢിലെ ഷോപ്പുമായി ബന്ധപ്പെട്ട് സമാനമായ രണ്ട് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിധി. മൊഹാലി നിവാസികളായ ശബദ്പ്രീത് സിംഗ്, പർമീന്ദർജിത് സിംഗ് എന്നിവരാണ് പരാതി നൽകിയത്.
ശബദ്പ്രീത് സിംഗ് 2021 ജനുവരി ഒമ്പതിനാണ് സെക്ടർ 35 -ലെ ബാരിസ്ത കോഫി സന്ദർശിക്കുന്നത്. ഹോട്ട് ചോക്കളേറ്റാണ് ഓർഡർ ചെയ്തത്. ശേഷം 200 രൂപ ബില്ലും വന്നു. ബില്ല് പരിശോധപ്പോഴാണ് പേപ്പർ കപ്പിന് അഞ്ച് രൂപ ഈടാക്കിയതായി കാണുന്നത്. കപ്പിൽ കഫേയുടെ പേരും എഴുതിയിട്ടുണ്ട്. കഫേയോട് ആദ്യം കാര്യം പറഞ്ഞു എങ്കിലും പിന്നീട് ശബദ്പ്രീത് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. പർമീന്ദർജിതും അപ്പോഴേക്കും സമാനമായ പരാതി നൽകിയിരുന്നു.
ഏതായാലും കഫേ ഇതിന് മറുപടി ഒന്നും ഫയൽ ചെയ്തില്ല. വിഷയം കേട്ട കമ്മീഷൻ, ബാരിസ്റ്റ കോഫി കമ്പനി ലിമിറ്റഡിനോടും ചണ്ഡീഗഢിലെ സെക്ടർ 35 -ലെ അവരുടെ കോഫി ഷോപ്പിനോടും പരാതിക്കാർക്ക് 1,000 രൂപ വീതം നൽകാനും ചണ്ഡീഗഡിലെ PGIMER -ലെ പാവപ്പെട്ട രോഗികളുടെ ഫണ്ടിലേക്കായി 10,000 രൂപ വച്ച് നിക്ഷേപിക്കാനും നിർദ്ദേശിക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ച സമാനമായ ഒരു കേസിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐആർസിടിസി) കരാറുകാരനും ഒരു ലക്ഷം രൂപ കമ്മീഷൻ പിഴ ചുമത്തിയിരുന്നു. ഒരു കുപ്പി വെള്ളത്തിന് അഞ്ച് രൂപ അധികം ഈടാക്കിയതായി യാത്രക്കാരൻ പരാതിപ്പെട്ടതിനെ തുടർന്നായിരുന്നു നടപടി.