മലപ്പുറം: സഹോദരന്റെ മകനെ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സഹതടവുകാരന്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. മഞ്ചേരി മുട്ടിപ്പാലത്ത് വാടകയ്ക്ക് താമസിക്കുന്ന എടയാറ്റൂര്‍ മങ്കരത്തൊടി മുഹമ്മദിനെയാണ് (45) ചൊവ്വാഴ്ച മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.
പ്രതി വിചാരണത്തടവുകാരനായി മഞ്ചേരി സബ്ജയിലില്‍ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയാണ് പരാതിക്കാരി. ജാമ്യത്തിലിറങ്ങിയ മുഹമ്മദ് ഭര്‍ത്താവുമായുള്ള മുന്‍പരിചയംവെച്ച് തനിക്ക് വാടകവീട് തരപ്പെടുത്തി നല്‍കിയെന്നും ഇവിടെവെച്ച് പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. കേസെടുത്ത പോലീസ് കാസര്‍ഗോട്ടുനിന്നാണ് പ്രതിയെ പിടികൂടിയത്.
പണം കൈക്കലാക്കാന്‍ സഹോദരന്റെ ഒന്‍പതുവയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോയി ആനക്കയം പാലത്തില്‍നിന്ന് പുഴയിലേക്ക് തള്ളിയിട്ട് കൊന്നുവെന്നാണ് ഇയാള്‍ക്കെതിരേയുള്ള 2018-ലെ കേസ്.