
കൊച്ചി: പുതിയ സിനിമകൾ ഇറങ്ങുമ്പോൾ വരുന്ന നിരൂപണങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായത്തിൽ ഉറച്ച് നിൽക്കുന്നതായി സംവിധായകൻ റോഷൻ ആൻഡ്രൂസ്. ‘സാറ്റർഡേ നൈറ്റ്സ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്ന ഒരു അഭിമുഖത്തിൽ സിനിമ നിരൂപണത്തെ കുറിച്ചുള്ള സംവിധായകൻ റോഷൻ ആൻഡ്രൂസ് നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ റോഷൻ ആൻഡ്രൂസിൻറെ ‘കൊറിയയിലെ സിനിമ നിരൂപണം’ ഏറെ ട്രോൾ ചെയ്യപ്പെട്ടു.
സാറ്റർഡേ നൈറ്റ് എന്ന തൻറെ ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ അഭിപ്രായങ്ങൾ വിവാദത്തിനായി വളച്ചൊടിച്ചുവെന്നാണ് റോഷൻ പറയുന്നത്. പ്രബുദ്ധരായ പ്രേക്ഷകരെയല്ല, നിരൂപണം നടത്തുന്നവരുടെ നിലവാര തകർച്ച സംബന്ധിച്ചാണ് താൻ പറയുന്നത് എന്നാണ് റോഷൻ ആൻഡ്രൂസ് വിശദീകരിക്കുന്നത്. നിരൂപണം നടത്തുന്നവർ ഇപ്പോൾ ക്വട്ടേഷൻ സംഘമാണെന്നും, മോശം റിവ്യൂ നൽകും എന്ന് പറഞ്ഞ് നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തുന്നവരുണ്ടെന്നും. രണ്ട് ലക്ഷം വാങ്ങി സിനിമ നല്ലതാണെന്ന് പറഞ്ഞ് ട്വീറ്റ് ചെയ്യുന്നവരുണ്ടെന്നും റോഷൻ ആൻഡ്രൂസ് മലയാള മനോരമ പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
യൂട്യൂബ് നിരൂപകർ തിയേറ്ററിൽ ഇടിച്ചുകയറി ഇടവേളയിൽ ആഭിപ്രായം ചോദിക്കുകയാണ്. അപ്പോൾ സിനിമയെ കുറിച്ച് നല്ലതും മോശവും പറയുന്ന ആളുകൾ ഉണ്ടാകും. ഇത് കാണിച്ച് നിർമ്മാതാവിനെ ഭീഷണിപ്പെടുത്തുകയാണ് പലരും ചെയ്യുക. ഇത്തരക്കാരെ തിയേറ്ററിൽ കയറ്റാതിരിക്കാൻ തിയേറ്റർ ഉടമകൾ ശ്രദ്ധിക്കണം. ഇന്ന് ഇടവേളയിൽ വരുന്നവർ നാളെ സിനിമ തുടങ്ങി 10 മിനിറ്റിനകം തിയേറ്ററിനുള്ളിൽ നിന്ന് ലൈവ് ചെയ്യും. സിനിമ കഴിഞ്ഞ് ആദ്യ ദിവസം മൈക്കുമായി വരുന്നവനെ തട്ടിമാറ്റി നീങ്ങണം. ഇത്തരക്കാരെ തിയേറ്ററിൽ കയറ്റരുതെന്ന് നിർമ്മാതാവും തിയേറ്റർ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ട് അഭ്യർഥിച്ചിട്ടുണ്ടെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.
സിനിമ നിരൂപണവും റിവ്യൂവും രണ്ടാണ്. പണ്ടും മാധ്യമങ്ങളിൽ റിവ്യൂ വരാറുണ്ട് അത് മാന്യമായിരുന്നു വ്യക്തിഹത്യ അല്ല. ഇവിടെ റിവ്യൂ ചെയ്യുന്നവർ സിനിമയിൽ എത്താതെ പോയതിൻറെ നിരാശയാണ് പ്രകടിപ്പിക്കുന്നത്. സാഡിസ്റ്റുകളാണ് ഇവർ. ഇവർ എൻറെ സിനിമയ്ക്ക് മാർക്കിടാൻ വരേണ്ടതില്ല. അവർക്ക് അതിന് ആരാണ് അധികാരം നൽകിയത്. യൂട്യൂബ് വരുമാനത്തിന് വേണ്ടി സിനിമയെ കൊന്നു തിന്നേണ്ടതില്ല. ഇവർ സിനിമ പ്രേക്ഷകരുടെ പ്രതിനിധിയായി സ്വയം കരുതുന്നു. മലയാളത്തിൽ നല്ല റിവ്യൂ ചെയ്യുന്ന യൂട്യൂബ് നിരൂപകരും ഉണ്ട്. പക്ഷെ അവർ വളരെ കുറവാണ്.
കൊറിയൻ അഭിപ്രായത്തെക്കുറിച്ചും പറഞ്ഞ റോഷൻ ആൻഡ്രൂസ്. കൊറിയൻ ജനതയുടെ ഏറ്റവും വലിയ ഉല്ലാസം സിനിമയാണ് അത് നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. അവർ നിരൂപണത്തിലൂടെ സിനിമയെ കൊല്ലാറില്ല. അവിടുത്തെ സിനിമയുടെ പ്രചോദനം ആ നാട്ടുകാരാണ് ഇത് പറയുന്നത് തെറ്റ് അല്ലല്ലോ. അടുത്തകാലത്ത് റിവ്യൂകളെക്കുറിച്ച് പറഞ്ഞ് വിവാദത്തിലായ മോഹൻലാൽ, അഞ്ജലി മേനോൻ, അൽഫോൺസ് പുത്രൻ എന്നിവരെ പിന്തുണച്ചും റോഷൻ ആൻഡ്രൂസ് സംസാരിച്ചു. മെസിയുടെ കളി മോശമാണെങ്കിൽ കളിയെ വിമർശിക്കൂ, മെസിയുടെ വ്യക്തിപരമായ കാര്യം അതിൽ വലിച്ചിഴയ്ക്കരുത് റോഷൻ വ്യക്തമാക്കി.






