ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്കെതിരേ നടപടി. സീനിയര്‍ ഗൈനക്കോളജിസ്റ്റ് തങ്കം കോശിയോട് രണ്ടാഴ്ച നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അപർണയുടെ ബന്ധുക്കള്‍ ഡോക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
മരിച്ച അപര്‍ണയുടെ ബന്ധുക്കളുമായി കളക്ടറും ജില്ലാ പോലീസ് മേധാവിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. തുടര്‍ന്ന് അപര്‍ണയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി.
കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ (21) ഇന്ന് (ബുധൻ) പുലര്‍ച്ചെയാണ് മരിച്ചത്. പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് നവജാത ശിശു ഇന്നലെ വൈകീട്ട് മരിച്ചിരുന്നു. ഡോക്ടറുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയി. പ്രസവസമയത്ത് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥികളാണ് ഓപ്പറേഷന്‍ നടത്തിയതെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ഉയരുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ആശുപത്രി സൂപ്രണ്ട് ഡോ. എ. അബ്ദുള്‍സലാം കുഞ്ഞിന്റെ മരണം അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് സൂപ്രണ്ട് നിർദ്ദേശിച്ചിരിക്കുന്നത്.