പ്യോങ്‌യാങ്: ദക്ഷിണ കൊറിയന്‍ സിനിമ കാണുകയും വില്‍ക്കുകയും ചെയ്ത രണ്ടു കൗമാരക്കരെ വെടിവച്ചുകൊന്ന് ഉത്തരകൊറിയ. 16, 17 വയസ്സുള്ള കുട്ടികളെയാണ് ഉത്തര കൊറിയയിലെ ഫയറിങ് സ്‌ക്വാഡ് വെടിവച്ചു കൊന്നതെന്നു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള റിയാങ്ഗാങ് പ്രവിശ്യയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളാണിവര്‍.
പൊതുജന മധ്യത്തിലാണു ശിക്ഷ നടപ്പിലാക്കിയത്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഭരണകൂടം സ്വീകരിക്കുന്നുണ്ട്. ദക്ഷിണ കൊറിയന്‍ സിനിമകള്‍ക്കും പാട്ടുകള്‍ക്കും ഷോകള്‍ക്കും വര്‍ധിച്ചു വരുന്ന ജനപ്രീതി കാരണമാണ് ഇവ കിം ജോങ് ഉന്‍ ഭരണകൂടം 2020 ല്‍ നിരോധിച്ചത്.
കിം ജോങ് ഉന്‍ മകളുമായി പൊതുവേദിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രം സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ക്രൂരമായ വധശിക്ഷയുടെ വാര്‍ത്ത വരുന്നത്. ഉത്തരകൊറിയയുടെ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാനാണ് മകളുമൊത്ത് കിം എത്തിയത്. കമ്യൂണിസ്റ്റ് കുടുംബവാഴ്ച നിലനില്‍ക്കുന്ന രാജ്യം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കടന്നു പോകുന്നത്.