KeralaNEWS

കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ഉത്തരവ്; പ്രതിയാക്കിയതിന് പിന്നില്‍ ദുഷ്ടലാക്ക്: വെള്ളാപ്പള്ളി

ആലപ്പുഴ: കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ മഹേശന്റെ മരണത്തില്‍ തനിക്കെതിരേ കേസെടുത്തത് ദുഷ്ടലാക്കോടെയെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇതുവരെ നടത്തിയ അന്വേഷണങ്ങളില്‍ തനിക്കെതിരേ ഒന്നും കണ്ടെത്താനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട പലതും മറച്ചുവെച്ച് കോടതിയെ തെറ്റിദ്ധരിച്ച് നേടിയ ഉത്തരവാണിതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ കേസ് അന്വേഷിച്ച ഹര്‍ഷിത അട്ടല്ലൂരി റഫര്‍ ചെയ്ത കേസാണിത്. അന്ന് അട്ടല്ലൂരി അന്വേഷിച്ചാല്‍ സത്യം പുറത്തു വരുമെന്ന് പറഞ്ഞവരാണ് ഇന്ന് വാദികളായി രംഗത്തു വന്നിട്ടുള്ളത്. ആ കേസില്‍ താന്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളെ ചോദ്യം ചെയ്തു. മഹേശന്റെ ആത്മഹത്യക്കുറിപ്പ് എന്നു പറയുന്ന 33 പേജുള്ള കത്ത് അടക്കം അന്വേഷിച്ചിരുന്നു- വെള്ളപ്പള്ളി പറഞ്ഞു.

Signature-ad

ഇതെല്ലാം അന്വേഷിച്ച് മഹേശന്‍ ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി തള്ളിയ കേസാണ്. അതെല്ലാം മറച്ചു വെച്ചുകൊണ്ടാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉത്തരവുണ്ടാക്കി, അത് വാര്‍ത്തയാക്കിയത്. അതിന് പിന്നില്‍ വലിയ ഒരു അടവും ദുരുദ്ദേശവുമുണ്ട്. എസ്.എന്‍.ഡി.പി യോഗത്തിന്റെ മുഖ്യഭാരവാഹികളായി വരുന്നവര്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകരുതെന്ന ഒരു ആവശ്യം കോടതിയിലുണ്ട്.

എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടമാണ്. താനും മകനും നേതൃത്വത്തിലേക്ക് വരാതിരിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. മഹേശനെ വളര്‍ത്തിക്കൊണ്ടു വന്നത് താനാണ്. മഹേശന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആദ്യം തന്നെ താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മഹേശന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത്? തന്നില്‍ നിന്നും എന്തു പീഡനമുണ്ടായി. പോലീസിന് പിടികൊടുക്കാന്‍ തയ്യാറല്ല, അതുകൊണ്ട് വിട പറയുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഒട്ടേറെ സാമ്പത്തിക തിരിമറികള്‍ നടത്തിയ ആളാണ് മഹേശന്‍. ഇദ്ദേഹം കാണിച്ച ക്രമക്കേടുകള്‍ കണ്ടെത്തിയപ്പോള്‍ നിലനില്‍പ്പില്ലാതെ വന്നപ്പോഴാണ് ആത്മഹത്യ ചെയ്യേണ്ടി വന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: