നടി സാമന്ത റൂത് പ്രഭു ആയുര്‍വേദ ചികിത്സയിലേക്ക്. തന്നെ ബാധിച്ചിരിക്കുന്ന മയോസൈറ്റ് രോഗം സുഖപ്പെടുത്താനാണ് താരം ചികിത്സ തേടുന്നത്. രോഗത്തെ കുറിച്ച് സാമന്ത തന്നെയാണ് അടുത്തിടെ ആരാധകരോട് പറഞ്ഞത്. ‘യശോദ’ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി പങ്കുവെച്ച കുറിപ്പിലാണ് സ്വന്തം രോഗത്തെ കുറിച്ചും താൻ നേരിടുന്ന ആരോഗ്യപ്രശ്നത്തെ കുറിച്ചും നടി വെളിപ്പെടുത്തിയത്.
രോഗം മാറാന്‍ സമയമെടുക്കുമെന്ന് അന്ന് നടി പറഞ്ഞിരുന്നു. രോഗം എളുപ്പത്തില്‍ സുഖപ്പെടാന്‍ സാമന്ത റൂത് പ്രഭു ഇപ്പോള്‍ ആയുര്‍വേദ ചികിത്സക്ക് ഒരുങ്ങുകയാണ് എന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ചികിത്സക്കായി ഹൈദരാബാദിലെ പ്രമുഖ ആയുര്‍വേദ ചികിത്സാലയത്തെ താരം സമീപിച്ചതായാണ് വാർത്ത. എന്നാല്‍, നടിയോ ബന്ധപ്പെട്ടവരോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഈ വര്‍ഷം തുടക്കത്തിലാണ് സാമന്തക്ക് മയോസൈറ്റ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സക്കായി താരം വിദേശത്ത് പോവുകയായിരുന്നു. അടുത്തിടെ നടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇത് നിരസിച്ചു കൊണ്ട് സാമന്തയുടെ മാനേജർ രംഗത്തെത്തിയിരുന്നു. സാമന്തക്ക് വലിയ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും വീട്ടില്‍ വിശ്രമത്തിലാണെന്നും മാനേജർ അറിയിച്ചു.