തിരുവനന്തപുരം: സോളര്‍ പീഡനക്കേസില്‍ അടൂര്‍പ്രകാശ് എം.പിക്കെതിരേ തെളിവില്ലെന്ന് സി.ബി.ഐ. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. 2018 ലാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്. നേരത്തെ ഹൈബി ഈഡന് എം.പിക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോള്‍ പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍വച്ചു പീഡിപ്പിച്ചെന്നും ബംഗളൂരുവിലേക്കു വിമാന ടിക്കറ്റ് അയച്ചു ക്ഷണിച്ചുവെന്നുമാണു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍, ഇവ അടിസ്ഥാനരഹിതമാണെന്നും ബംഗളൂരുവില്‍ അടൂര്‍ പ്രകാശ് റൂം എടുക്കുകയോ ടിക്കറ്റ് അയയ്ക്കുകയോ ചെയ്തിട്ടില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
സോളര്‍ പദ്ധതിക്ക് സഹായം വാഗ്ദാനം ചെയ്ത് എം.എല്‍.എ ഹോസ്റ്റലില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഹൈബി ഈഡനെതിരായ സോളര്‍ കേസ് പ്രതിയുടെ പരാതി. ജീവനക്കാരുടെ മൊഴിയെടുത്തെങ്കിലും കേസിനാവശ്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ ഹൈബിക്ക് സി.ബി.ഐ ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു