NEWS

ഗിനിയിൽ തടവിലായവരെ നൈജീരിയക്ക് മാറ്റുന്നു, അനിശ്ചിതാവസ്ഥ തുടരുന്നു, ഭാവി കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ല; ഫോൺ പിടിച്ചുവെക്കുന്നു, സഹായിക്കണമെന്നു കപ്പൽ ജീവനക്കാർ

ഗിനിയിൽ തടവിലായ കപ്പൽ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാൻ നീക്കം. 15 പേരെ നൈജീരിയയ്ക്ക് കൈമാറാൻ ലൂബാ തുറമുഖത്ത് എത്തിച്ചതായി തടവിലുള്ള കൊല്ലം സ്വദേശി വിജിത്ത് പറഞ്ഞു. ഇതിനിടെ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്നും ആവർത്തിച്ചു.

ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാൻ ഇന്നലെ തീരുമാനിച്ചിരുന്നു. തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ജീവനക്കാരെ മലാവെ ദ്വീപിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് ജീവനക്കാരെ ലൂബാ തുറമുഖത്ത് എത്തിച്ചത്. ജീവനക്കാരെ നൈജീരിയൻ നേവിക്ക് കൈമാറാനാണ് നീക്കം. നൈജീരിയയിൽ ജീവനക്കാരെ എത്തിക്കുന്നതോടെ അവിടെ അവർ നിയമനടപടി നേരിടേണ്ടിവരും. നൈജീരിയയിൽ എത്തിയാൽ എന്താവുമെന്ന് മലയാളി നാവികർ ആശങ്ക പ്രകടിപ്പിച്ചു. ഫോണ്‍ എല്ലാം പിടിച്ചുവച്ചു. ഏത് നിമിഷവും എന്നും സംഭവിക്കാമെന്നും വിഡിയോയിൽ വിജിത്ത് എന്ന വ്യക്തി പറയുന്നുണ്ട്. അതേസമയം, സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് മലയാളികൾ ഉൾപ്പെടെ 26 നാവികരെ നൈജീരിയയുടെ നിർദേശപ്രകാരം ഇക്വറ്റോറിയൽ ഗിനി തടവിലാക്കിയത്.

Signature-ad

കപ്പൽ ജീവനക്കാരെ തിരിച്ചെത്തിക്കാൻ ശ്രമം തുടരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. നൈജീരിയയിലെയും ഗിനിയയിലെയും എംബസികളുമായി ചർച്ചകൾ നടത്തി വരികയാണ്. ബന്ദികളായി കഴിയുന്നവരെല്ലാം സുരക്ഷിതർ ആണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ അറിയിച്ചു.

അന്താരാഷ്ട്ര ചട്ടംപാലിച്ച് കൊണ്ട് തന്നെയാണ് ഇരുരാജ്യങ്ങളും മുന്നോട്ട് പോകുന്നത്. നിയമത്തിന്റെ വഴിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പൊൾ നേരിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് തവണ ഇന്ത്യൻ എംബസി അധികൃതർ സംഘത്തെ നേരിട്ടു കണ്ടെന്നും വി. മുരളീധരൻ പറഞ്ഞു.

നാവികർക്ക് ഭക്ഷണം എത്തിച്ച് നൽകുന്നതിൽ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി വീഴ്ച്ച വരുത്തി.  നാവികരെ തിരികെ എത്തിക്കുന്നതിൽ ഇന്ത്യ കടുത്ത അലംഭാവം കാട്ടുന്നതായും ആക്ഷേപമുണ്ട്. അതേസമയം, കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയക്ക് കൈമാറി. കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് ചൂണ്ടിക്കാട്ടി  കപ്പൽ  കമ്പനി   നൈജീരിയയിലെ ഫെഡറൽ കോടതിയിൽ കേസ്‌ ഫയൽ ചെയ്തു. കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം നൈജീരിയയ്ക്ക് മാറ്റാൻ ശ്രമം നടക്കുന്നത്.

Back to top button
error: